ധര്‍മ്മടത്ത് വീട്ടിനുള്ളില്‍ കയറി വയോധികയുടെ മാല പൊട്ടിച്ച കേസ്: പ്രതികളായ രണ്ടുപേരെ 24 മണിക്കൂറിനുള്ളില്‍ മംഗളൂരുവില്‍ നിന്ന് പിടികൂടി; കോടതി റിമാന്‍ഡ് ചെയ്തു

ധര്‍മ്മടത്ത് വീട്ടിനുള്ളില്‍ കയറി വയോധികയുടെ മാല പൊട്ടിച്ച കേസ്: പ്രതികളായ രണ്ടുപേരെ 24 മണിക്കൂറിനുള്ളില്‍ മംഗളൂരുവില്‍ നിന്ന് പിടികൂടി; കോടതി റിമാന്‍ഡ് ചെയ്തു



കണ്ണൂര്‍: ധര്‍മ്മടത്ത് തനിച്ചു താമസിക്കുന്ന രോഗിയായ വയോധികയുടെ വീട്ടില്‍ കയറി മാല പൊട്ടിച്ചെടുത്ത കേസില്‍ പ്രതികളായ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ധര്‍മ്മടം സ്വദേശി മുഹമ്മദ് യാസിന്‍ (20), തലശ്ശേരി മട്ടമ്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരെയാണ് 24 മണിക്കൂറിനുള്ളില്‍ ധര്‍മ്മടം പോലീസും തലശ്ശേരി എ.എസ്.പിയുടെ സ്‌ക്വാഡും ചേര്‍ന്ന് കര്‍ണാടകയിലെ മംഗളൂരുവില്‍ നിന്ന് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ധര്‍മ്മടം ചാത്തോടത്ത് തനിച്ചു താമസിച്ചിരുന്ന അസുഖബാധിതയായ വയോധികയുടെ മൂന്നു പവന്റെ മാലയാണ് പ്രതികള്‍ കവര്‍ന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോ എന്ന് ചോദിച്ചാണ് പ്രതികള്‍ വയോധികയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇവരുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.

വയോധികയുടെ പരാതിയില്‍ സ്ഥലത്തെത്തിയ പോലീസ് സംഘം സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവര്‍ച്ച ചെയ്ത മാല വിറ്റ ശേഷം പ്രതികള്‍ കാസര്‍കോട്ടുനിന്ന് വാഹനം വാടകയ്ക്കെടുത്ത് മംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.

പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ പോലീസ് സംഘം കാസര്‍കോട്, സൂറത്ത്കല്‍, മംഗളൂരു ഭാഗങ്ങളില്‍ തിരിഞ്ഞ് നടത്തിയ തിരച്ചിലിനൊടുവിലാണ് സൂറത്ത്കലില്‍ നിന്ന് ഇവരെ പിടികൂടിയത്. പ്രതിയായ മുഹമ്മദ് അനസിന് തലശ്ശേരി പോലീസ് സ്റ്റേഷനിലും മുഹമ്മദ് യാസിന് കോഴിക്കോട് റെയില്‍വേ പോലീസിലും നേരത്തെ കേസുകളുണ്ട്.

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബി. വി. വിജയ ഭരത് റെഡ്ഡി, തലശ്ശേരി എ.എസ്.പി എം. നന്ദഗോപന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എസ്.ഐ അനുരൂപ്, സി.പി.ഒമാരായ ഹരിനാഥ്, സഗേഷ്, സിസില്‍ സായൂജ്, ശ്രീലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.