മുന്നറിയിപ്പുകള്‍ കൊങ്കണ്‍ കമ്പനി കണ്ടില്ലെന്ന് നടിച്ചു! കള്ളാടിയിലേത് 'മനുഷ്യനിര്‍മ്മിത ദുരന്തം' തന്നെയെന്ന് തെളിയിക്കുന്ന പിഡബ്ല്യുഡി മിനുട്‌സ് പുറത്ത്! സോയില്‍ പൈപ്പിങ് ഉണ്ടാകുമെന്ന് ജൂണ്‍ 25-ന് തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടും അനങ്ങിയില്ല; നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്!

മുന്നറിയിപ്പുകള്‍ കൊങ്കണ്‍ കമ്പനി കണ്ടില്ലെന്ന് നടിച്ചു! കള്ളാടിയിലേത് 'മനുഷ്യനിര്‍മ്മിത ദുരന്തം' തന്നെയെന്ന് തെളിയിക്കുന്ന പിഡബ്ല്യുഡി മിനുട്‌സ് പുറത്ത്! സോയില്‍ പൈപ്പിങ് ഉണ്ടാകുമെന്ന് ജൂണ്‍ 25-ന് തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടും അനങ്ങിയില്ല; നിര്‍മ്മാണം നിര്‍ത്തിവെപ്പിച്ചു; വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്!


കോഴിക്കോട്: വയനാട് മേപ്പാടി കള്ളാടിയില് തുരങ്കപാത നിര്‍മ്മാണ മേഖലയിലുണ്ടായ വന്‍ മണ്ണിടിച്ചില്‍ പ്രകൃതിദുരന്തമല്ല, പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിത ദുരന്തമാണെന്ന് സ്ഥിരീകരിച്ച് ഔദ്യോഗിക രേഖകള്‍ പുറത്ത്. അപകടസാധ്യതയെക്കുറിച്ച് പൊതുമരാമത്ത് വകുപ്പ് മുന്‍കൂട്ടി നല്‍കിയ കര്‍ശനമായ മുന്നറിയിപ്പുകള്‍ നിര്‍മ്മാണച്ചുമതലയുള്ള കമ്പനിയും ഉദ്യോഗസ്ഥരും പൂര്‍ണ്ണമായി അവഗണിച്ചതാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ വലിയ ദുരന്തത്തില്‍ കലാശിച്ചതെന്നാണ് ആക്ഷപം.

പദ്ധതി പ്രദേശത്ത് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് കാരണം മഴക്കാലത്ത് 'സോയില്‍ പൈപ്പിങ്' (Soil Piping), 'സ്ലോപ്പ് സ്റ്റബിലിറ്റി' (Slope Stability) എന്നീ പ്രതിഭാസങ്ങള്‍ മൂലം വന്‍ അപകടമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ജൂണ്‍ 25-ന് ചേര്‍ന്ന അവലോകന യോഗത്തില്‍ പി.ഡബ്ല്യു.ഡി കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നു. തടയാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഈ യോഗത്തിന്റെ ഔദ്യോഗിക മിനുട്‌സ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതോടെ നിര്‍മ്മാണക്കമ്പനിയായ കൊങ്കണിന്റെ വീഴ്ചകള്‍ പൂര്‍ണ്ണമായും വെളിച്ചത്തായി.

കള്ളാടിയില്‍ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടത് ചെറിയ മഴ പെയ്താല്‍ പോലും വന്‍ അപകടമുണ്ടാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നതായി മന്ത്രി ടി. സിദ്ദിഖ് പ്രതികരിച്ചു. അതീവ ഗുരുതരമായ ഈ സാഹചര്യത്തെക്കുറിച്ച് യോഗങ്ങളിലും അല്ലാതെയും പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും അത് നീക്കം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കും കമ്പനിക്കും കടുത്ത പാളിച്ചയുണ്ടായി. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ മുന്നോട്ട് പോയ കമ്പനിയുടെ നടപടി അതീവ ഗൗരവത്തോടെ കാണുമെന്നും ടൗണ്‍ഷിപ്പിലും ഇത്തരത്തില്‍ അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന് പിന്നാലെ കോഴിക്കോട് തുരങ്കപാത നിര്‍മ്മാണം നടക്കുന്ന പ്രദേശത്തെ പ്രവൃത്തികള്‍ തല്‍ക്കാലത്തേക്ക് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. കള്ളാടിയിലെ പ്രവൃത്തികളുമായി തല്‍ക്കാലം മുന്നോട്ട് പോകരുതെന്ന് നിര്‍മ്മാണ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നതായി റവന്യൂ മന്ത്രി എ.പി. അനില്‍കുമാറും വ്യക്തമാക്കി.

അപകടത്തില്‍പ്പെട്ട് രക്ഷപ്പെടുത്തിയ ആറ് തൊഴിലാളികള്‍ നിലവില്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂര്‍, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള രണ്ട് എന്‍.ഡി.ആര്‍.എഫ് സംഘങ്ങള്‍ ദുരന്തഭൂമിയിലെത്തി രക്ഷാപ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൂടുതല്‍ ആളുകള്‍ മണ്ണില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള ശാസ്ത്രീയമായ പരിശോധനകള്‍ പുരോഗമിക്കുകയാണ്. സാധ്യമായ എല്ലാ സുരക്ഷാ സൈന്യത്തെയും അടിയന്തരമായി സംഭവസ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.

വയനാട്ടിലുണ്ടായ വന്‍ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്തെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുതുക്കി നിശ്ചയിച്ചു. അതീവ ജാഗ്രതയുടെ ഭാഗമായി വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ 'റെഡ് അലര്‍ട്ട്' പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് എന്നീ മൂന്ന് വടക്കന്‍ ജില്ലകളില്‍ 'ഓറഞ്ച് അലര്‍ട്ടും', മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ നാല് ജില്ലകളില്‍ 'യെല്ലോ അലര്‍ട്ടും' പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി പരക്കെ ശക്തമായ മഴ തുടരുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. നാളെ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.