
ന്യൂഡൽഹി: ഉപയോക്താക്കളുടെ ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ ആശയവിനിമയം നടത്താൻ വാട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്ന പുതിയ ‘യൂസർനെയിം’ ഫീച്ചറുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളിൽ മറുപടി നൽകാൻ മെറ്റയ്ക്ക് കേന്ദ്ര സർക്കാർ മൂന്ന് ദിവസത്തെ സമയം കൂടി അനുവദിച്ചു. ആശങ്കകൾ പൂർണ്ണമായും പരിഹരിക്കുന്നത് വരെ ഈ ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് മെറ്റയും വ്യക്തമാക്കിയിട്ടുണ്ട്.(WhatsApp username feature, Govt Grants Meta Three Day Extension On Feature Concerns)
കഴിഞ്ഞ ആഴ്ച മെറ്റ പ്രതിനിധികൾ കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ഫീച്ചർ ദുരുപയോഗം ചെയ്ത് തട്ടിപ്പുകൾ നടത്താനുള്ള സാധ്യതകളെക്കുറിച്ച് മന്ത്രാലയം കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും കമ്പനിക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഫോൺ നമ്പർ സുരക്ഷിതമാക്കാൻ യൂസർനെയിം സംവിധാനം സഹായിക്കുമെങ്കിലും, പ്രമുഖ വ്യക്തികളുടെയോ സർക്കാർ ഉദ്യോഗസ്ഥരുടെയോ പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് പണം തട്ടാൻ ഇത് വഴിവെക്കുമെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്.
‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള സൈബർ തട്ടിപ്പുകളിലൂടെ 2025-ൽ മാത്രം ഇന്ത്യക്കാർക്ക് ഏകെങ്കിൽ 22,500 കോടി രൂപ നഷ്ടമായ പശ്ചാത്തലത്തിലാണ് സർക്കാർ ജാഗ്രത പുലർത്തുന്നത്. എന്നാൽ തട്ടിപ്പുകൾ തടയാൻ തങ്ങൾക്ക് ശക്തമായ അൽഗോരിതം സംവിധാനങ്ങൾ ഉണ്ടെന്നാണ് മെറ്റയുടെ വാദം. പ്രമുഖ വ്യക്തികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ പേരുകൾ മറ്റാർക്കും ലഭിക്കാത്ത രീതിയിൽ മാറ്റിവെക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ ആഗോളതലത്തിൽ 300 കോടിയിലധികം ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിൽ ഫോൺ നമ്പർ വഴിയാണ് ആളുകൾ പരസ്പരം കണക്ട് ചെയ്യുന്നത്. പുതിയ ഫീച്ചർ വരുന്നതോടെ വലിയ ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെടുമ്പോഴും അപരിചിതർക്ക് ആദ്യമായി മെസ്സേജ് അയക്കുമ്പോഴും ഫോൺ നമ്പർ ദൃശ്യമാകില്ല. 3 മുതൽ 35 അക്ഷരങ്ങൾ വരെയുള്ള സവിശേഷമായ യൂസർനെയിം ഇതിനായി തിരഞ്ഞെടുക്കാം. ആർക്കൊക്കെ മെസ്സേജ് അയക്കാമെന്ന് നിയന്ത്രിക്കാൻ പ്രത്യേക ‘യൂസർനെയിം കീ’ സംവിധാനവും ഇതിലുണ്ടാകും
