8 മാസം ഗർഭിണിയായ അമ്മയെ അച്ഛൻ വെട്ടിക്കൊന്നതിന് സാക്ഷികളായി അഞ്ചും രണ്ടും വയസുള്ള മക്കൾ, കൊടും ക്രൂരത, പ്രതി പിടിയിൽ
ലക്ക്നൗ: ഉത്തർപ്രദേശിലെ മഹോബയിൽ എട്ട് മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. അഞ്ചും രണ്ടും വയസ്സുള്ള മക്കളുടെ മുന്നിൽ വെച്ചാണ് ഈ ദാരുണ സംഭവം നടന്നത്. മദ്യപാനിയായ ഹനീഫ് മൻസൂരി എന്നയാളാണ് ഭാര്യ മനീഷയെ കൊലപ്പെടുത്തിയത്. മഹോബയിലെ പൻവാരി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിജ്രാരീ ഗ്രാമത്തിലാണ് സംഭവം. മദ്യത്തിനും ചൂതാട്ടത്തിനും അടിമയായ ഹനീഫ് തന്റെ കൈവശമുണ്ടായിരുന്ന ഭൂരിഭാഗം ഭൂമിയും വിറ്റുതുലച്ചിരുന്നു. ശനിയാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഹനീഫിനെ വീണ്ടും മദ്യപിക്കുന്നതിൽ നിന്ന് മനീഷ തടയാൻ ശ്രമിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടയിൽ ഹനീഫ് അരിവാളെടുത്ത് ഭാര്യയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു.</p><p>കൊലപാതകത്തിന് ശേഷം സംഭവം മൂടിവെക്കാൻ ഹനീഫ് തന്നെ പോലീസിനെ വിളിച്ചുവരുത്തി. കൊലപാതക വിവരം മറച്ചുവെക്കാൻ ശ്രമിച്ചു. എന്നാൽ അഞ്ച് വയസ്സുകാരൻ മകൻ പോലീസിന് നൽകിയ ദൃക്‌സാക്ഷി മൊഴിയാണ് പ്രതിയെ കുടുക്കിയത്. തുടർന്ന് പോലീസ് ഹനീഫിനെ അറസ്റ്റ് ചെയ്തു. സംശയരോഗിയായ ഹനീഫ് മുൻപും മനീഷയെ ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ സഹോദരൻ നസീം മൻസൂരി പറഞ്ഞു. 2021-ലായിരുന്നു ഇവരുടെ വിവാഹം. ഹനീഫിന് വധശിക്ഷ നൽകണമെന്ന് മനീഷയുടെ പിതാവും ആവശ്യപ്പെട്ടു. കുട്ടികളെ താൻ വളർത്തിക്കോളാമെന്നും അദ്ദേഹം അറിയിച്ചു. മനീഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.