'സാറന്മാരോട് അന്ന് ഞാന്‍ പറഞ്ഞതല്ലേ പപ്പയ്ക്ക് വയ്യാന്ന്? ഇപ്പോള്‍ എന്റെ പപ്പ പോയി സാറേ! ജീപ്പില്‍ കയറ്റിയത് മുതല്‍ ക്രൂരമര്‍ദ്ദനം; കുണ്ടറയില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ നെഞ്ച് തകര്‍ക്കുന്ന ശബ്ദരേഖ; സിയാദ് മരിച്ച സംഭവത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍

കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പെരുമ്പുഴ സൊസൈറ്റിമുക്ക് സ്വദേശി സിയാദ് മരിച്ച സംഭവത്തില്‍ സിപിഒ ശ്രീജിത്തിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കൊല്ലം ജില്ലാ പോലീസ് മേധാവിയാണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും മെമ്മോ നല്‍കാനും നിര്‍ദ്ദേശമുണ്ട്. സിപിഒ ശ്രീജിത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്കലംഘനവും ക്രമക്കേടുകളും ഉണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
അയല്‍വാസിയായ 13-കാരനെ കാണാനില്ലെന്ന പരാതിയിലാണ് അസുഖബാധിതനായ സിയാദിനെ ജൂണ്‍ 16-ന് രാത്രി ഭാര്യയുടെയും മക്കളുടെയും മുന്നില്‍വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. മരുന്ന് കഴിച്ച് ഉറങ്ങാന്‍ കിടന്ന സിയാദിനെ വിട്ടുകിട്ടാന്‍ ഭാര്യയും മകളും ജൂണ്‍ 17-ന് പുലര്‍ച്ച വരെ സ്റ്റേഷനില്‍ കാത്തിരുന്നെങ്കിലും പോലീസുകാര്‍ വിട്ടയച്ചില്ല. കാണാതായ കുട്ടി പിറ്റേന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് സിയാദിനെ വിട്ടയക്കാന്‍ പോലീസ് തയ്യാറായത്.
എന്നാല്‍ ജീപ്പില്‍ കയറ്റിയത് മുതല്‍ കസ്റ്റഡിയില്‍ വെച്ചും എസ്‌ഐ അതുല്‍, കോണ്‍സ്റ്റബിള്‍ ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്ന് സിയാദിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ള കാര്യം മുന്‍കൂട്ടി അറിയിച്ചിട്ടും പോലീസുകാര്‍ മൃഗീയമായി ഉപദ്രവിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അവശനായ സിയാദിന്റെ വാരിയെല്ലുകള്‍ തകര്‍ന്ന് അണുബാധയേറ്റ നിലയില്‍ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന മകളുടെ ഫോണ്‍ സംഭാഷണ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. തന്റെ അച്ഛന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അറിയിച്ചിട്ടും ക്രൂരമായി മര്‍ദ്ദിച്ചുവെന്നും, നട്ടെല്ലിന് പരിക്കേറ്റ് പഴുപ്പുണ്ടായതിനെക്കുറിച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചിരുന്നതായും മകള്‍ ആരോപണവിധേയനായ പോലീസുകാരനോട് ഫോണില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുന്ന നിലപാടാണ് പോലീസുകാരന്‍ സ്വീകരിച്ചത്.
സിയാദിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാരായ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
ശബ്ദരേഖയുടെ പൂര്‍ണരൂപം
സിയാദിന്റെ മകള്‍ : ഹലോ
ഉദ്യോഗസ്ഥന്‍: ഹലോ
സിയാദിന്റെ മകള്‍: എസ്ഐ ശ്രീജിത്ത് സാറല്ലേ ?
ഉദ്യോഗസ്ഥന്‍: അതേല്ലോ
സിയാദിന്റെ മകള്‍ : ഇന്നാളൊരു ദിവസം മിസ്സിംഗ് കേസില്‍ പിടിച്ചോണ്ട് പോയില്ലേ വീട്ടീന്ന്
എസ് ഐ ശ്രീജിത്ത്: ആരെ
സിയാദിന്റെ മകള്‍: പെരുമ്പുഴേന്ന് ഒരാളെ രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വന്നു പിടിച്ചോണ്ട് പോയില്ലേ വീട്ടീന്ന്, പാര്‍വതി എന്ന് പറഞ്ഞ ഒരുത്തിക്ക് വേണ്ടി.
സിയാദിന്റെ മകള്‍: ഓര്‍മയില്ലേ പെരുമ്പുഴ കുരിശടി അടുത്ത് രണ്ടു പിള്ളാരുടെ മിസ്സിംഗ് കേസില്‍,
എസ്ഐ ശ്രീജിത്ത്: ആ ആ
സിയാദിന്റെ മകള്‍: ഓര്‍മ്മയുണ്ടോ ?
എസ്ഐ ശ്രീജിത്ത്: ഇപ്പൊ എന്ത് പറ്റി ?
സിയാദിന്റെ മകള്‍: എന്തോ പറ്റിയെന്നോ?, അന്ന് സാറമ്മാരോട് എല്ലാവരോടും ഞാന്‍ പറഞ്ഞെ അല്ലെ എന്റെ പപ്പയ്ക്ക് വയ്യാന്ന്, ആന്നോ ?
എസ്ഐ ശ്രീജിത്ത്: ഇപ്പൊ എന്താ സംഭവം എന്താ ?
സിയാദിന്റെ മകള്‍: അന്ന് അവിടെ ഇട്ടു ഇടിച്ചെന്ന് പപ്പാ അന്നേ അവിടെ വെച്ച് പറഞ്ഞാരുന്ന്. സാറാ ഇടിച്ചതെന്നും പറഞ്ഞു. ഇപ്പൊ എന്റെ പപ്പാ പോയി...
എസ്ഐ ശ്രീജിത്ത്: ഞാനോ, എന്തോ കാര്യമാ ഈ പറയുന്നേ ?
സിയാദിന്റെ മകള്‍: തെളിവുണ്ട് സാറേ, അങ്ങനെ ആശുപത്രിയില്‍ പോയപ്പോ ആരാ ഇടിച്ചതെന്ന് ചോദിച്ച്, നട്ടെല്ല് മുഴുവന്‍ പഴുത്ത് സീരിയസായി കിടക്കുവാരുന്നു, ഇപ്പൊ പോയി സാറേ.
സിയാദിന്റെ മകള്‍ : അന്ന് സാറിന്റടുത്ത് നൂറുവട്ടം ഞാന്‍ പറഞ്ഞതാ വയ്യാത്ത ആളാ, ഇപ്പൊ പോയി, ഞങ്ങള്‍ക്കാണോ ഇപ്പൊ ഇല്ലാതെ പോയത്..
എസ്ഐ ശ്രീജിത്ത്: ഏത് കേസിത്
സിയാദിന്റെ മകള്‍: സാറിനൊന്നും ഓര്‍മ്മ കാണത്തില്ല, അന്ന് ഞാന്‍ പറഞ്ഞതാ പപ്പാ ഗുളിക കഴിച്ചിട്ട കിടന്നതെന്ന്...
