
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി കേരള ഹൈക്കോടതി തള്ളി. പുരസ്കാര വിഷയത്തിൽ ഇടപെടാൻ കോടതിക്ക് പരിമിതികളുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.(Kerala High Court Dismisses Petition Against Vellappally Natesan Padma Bhushan Award)
നിലവിലുള്ള കേസുകൾ ചൂണ്ടിക്കാട്ടിയായിരുന്നു പുരസ്കാരം റദ്ദാക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടത്. എന്നാൽ, കേവലം കേസുകൾ നിലവിലുണ്ടെന്നതുകൊണ്ട് ഒരാളെ കുറ്റക്കാരനായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
ചില കേസുകൾ സുപ്രീംകോടതി നടപടികൾ സ്റ്റേ ചെയ്തിട്ടുമുണ്ട്. ക്രിമിനൽ നടപടിക്രമങ്ങൾ നേരിടുന്ന ഒരാളാണെന്ന കാരണത്താൽ മാത്രം ഒരാൾക്ക് ലഭിച്ച ബഹുമതി റദ്ദാക്കാൻ കോടതിക്ക് നിർദേശിക്കാനാവില്ല. ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയോ, അവാർഡ് റദ്ദാക്കേണ്ട സാഹചര്യം ഉടലെടുക്കുകയോ ചെയ്താൽ, അത് പരിശോധിക്കാനും അവാർഡ് തിരിച്ചെടുക്കാനുമുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു
