'ദില്ലി പൊലീസിനും കേന്ദ്ര സേനക്കുമെതിരെ കേസെടുക്കണം', സി ജെ പി സമരക്കാർക്ക് നേരെയുള്ള നടപടിയിൽ സുപ്രീംകോടതിയിൽ ഹർജി; ഇന്ന് പരിഗണിക്കും


'ദില്ലി പൊലീസിനും കേന്ദ്ര സേനക്കുമെതിരെ കേസെടുക്കണം', സി ജെ പി സമരക്കാർക്ക് നേരെയുള്ള നടപടിയിൽ സുപ്രീംകോടതിയിൽ ഹർജി; ഇന്ന് പരിഗണിക്കും
ദില്ലി: സി ജെ പി സമരത്തിനെതിരായ നടപടിയിൽ പൊലീസിനും കേന്ദ്രസേനയ്ക്കെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മൂന്ന് ഹർജികൾ ആണ് നിലവിൽ കോടതിക്ക് മുന്നിലുള്ളത്. കേന്ദ്രസേനയ്ക്കും ദില്ലി പൊലീസിനെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിലുള്ളത്. കഴിഞ്ഞതവണ ഈ ഹർജി പരാമർശിക്കാൻ ശ്രമിക്കവേ കോടതിയുടെ സമയം മെനക്കെടുത്തരുതെന്ന ചീഫ് ജസ്റ്റിസ് പരാമർശം വിവാദമായിരുന്നു. എന്നാൽ കേസിനെ സംബന്ധിച്ച് വിശദാംശങ്ങൾ അഭിഭാഷകൻ ധരിപ്പിച്ചില്ല എന്ന് വിശദീകരണമാണ് ചീഫ് ജസ്റ്റിസ് പിന്നീട് നൽകിയത്.സി ജെ പിയുടെ ഭാവിപരിപാടി ഉടൻ പ്രഖ്യാപിക്കും നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയുള്ള വൻ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്കറോച്ച് ജനതാ പാർട്ടി ഭാവി രാഷ്ട്രീയ - പ്രക്ഷോഭ തന്ത്രങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ അറിയിച്ചു. ദേശീയ തലത്തിലെ വിജയത്തിന് പിന്നാലെ പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത ചോദ്യപേപ്പർ ചോർച്ച വിഷയത്തിലും സി ജെ പി ശക്തമായി ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിലെ നീറ്റ് വിരുദ്ധ സമരം വിജയകരമായി അവസാനിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാർമസി ഓഫീസർ നിയമന പരീക്ഷ ഉൾപ്പെടെ പഞ്ചാബിൽ അടുത്തിടെ നടന്ന വിവിധ മത്സരപ്പരീക്ഷകളിൽ വലിയ രീതിയിൽ ചോദ്യപേപ്പർ ചോർന്നതായി ആരോപണമുണ്ട്. ഈ വിഷയത്തിൽ ചർച്ചകളും ആസൂത്രണവും നടന്നുവരികയാണെന്നും ഉടൻ തന്നെ സംഘടനയുടെ നിലപാട് പ്രഖ്യാപിക്കുമെന്നും അഭിജിത് ദീപ്കെ പറഞ്ഞു. നീറ്റ് പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ് ഐ ആറുകൾ പൂർണ്ണമായും പിൻവലിക്കണമെന്ന് സി ജെ പി ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകനും രാജ്യസഭാ എം പിയുമായ കപിൽ സിബലുമായി അഭിജിത് ദീപ്കെ കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികൾക്കെതിരെയുള്ള നിയമനടപടികൾ നേരിടുന്നതിനും പ്രക്ഷോഭത്തിന്റെ തുടർനടപടികൾക്കുമായി നിയമോപദേശം തേടുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച