കോഴ്സുകൾ വെട്ടിക്കുറച്ചു; അലോട്ട്മെന്‍റിന് തൊട്ടുമുമ്പ് വിദ്യാഭ്യാസ വകുപ്പിന്‍റെ അപ്രതീക്ഷിത നീക്കം, ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ

കോഴ്സുകൾ വെട്ടിക്കുറച്ചു; അലോട്ട്മെന്‍റിന് തൊട്ടുമുമ്പ് വിദ്യാഭ്യാസ വകുപ്പിന്‍റെ അപ്രതീക്ഷിത നീക്കം, ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ


കവരത്തി: ലക്ഷദ്വീപിലെ ഉന്നതവിദ്യാഭ്യാസ കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്‍റ് നാളെ നടക്കാനിരിക്കെ, ദ്വീപിലെ സർക്കാർ കോളേജുകളിലെ പ്രമുഖ കോഴ്സുകൾ അപ്രതീക്ഷിതമായി വെട്ടിക്കുറച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്‍റെ ഉത്തരവ്. ആൻഡ്രോത്ത്, കടമത്ത് ഗവൺമെന്‍റ് കോളേജുകളിൽ നിന്നാണ് മുൻ വർഷങ്ങളിൽ ഉണ്ടായിരുന്നതും വിദ്യാർത്ഥികൾ ഏറെ ആശ്രയിച്ചിരുന്നതുമായ കോഴ്സുകൾ പെട്ടെന്ന് എടുത്തുമാറ്റിയിരിക്കുന്നത്. ​വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എം. ഭരണി ഇന്ന് പുറത്തിറക്കിയ പുതിയ ഉത്തരവ് പ്രകാരം കൗൺസിലിംഗിൽ ഉൾപ്പെടുത്തിയിരിക്കുന്ന കോഴ്സുകളുടെ എണ്ണം ചുരുക്കി.ആൻഡ്രോത്ത് ദ്വീപിലെ ​ഗവ. കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നും പൊളിറ്റിക്കൽ സയൻസ് കോഴ്സ് ഒഴിവാക്കി. പുതിയ ഉത്തരവ് പ്രകാരം ബി.കോം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. കടമത്ത് ​ഗവ. കോളേജ് ഓഫ് ആർട്സ് & സയൻസിൽ നിന്നും ബി.എ ഇംഗ്ലീഷ്, ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ്, ബി.വോക് ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി എന്നീ മൂന്ന് പ്രധാന കോഴ്സുകളാണ് നീക്കം ചെയ്തത്. പകരം ബി.എ ഇക്കണോമിക്സും, ഡി.വോക് കാറ്ററിംഗ് ആൻഡ് ഹോസ്പിറ്റാലിറ്റിയും മാത്രമാണ് നിലനിർത്തിയിരിക്കുന്നത്.സീറ്റ് അലോട്ട്മെന്റിന്റെ തൊട്ടുതലേന്നുള്ള ഈ നീക്കം ലക്ഷദ്വീപിലെ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. ദ്വീപിലെ ഉന്നതവിദ്യാഭ്യാസ മേഖലയോടും വിദ്യാർത്ഥി സമൂഹത്തോടും ഭരണകൂടവും വിദ്യാഭ്യാസ വകുപ്പും കാണിക്കുന്ന കൊടും ക്രൂരതയും തികഞ്ഞ അവഗണനയുമാണ് ഇതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. പോണ്ടിച്ചേരി സർവ്വകലാശാലയുടെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും സീറ്റ് അലോട്ട്മെന്റ് എന്ന് ഉത്തരവിൽ പറയുന്നുണ്ടെങ്കിലും, പെട്ടെന്ന് കോഴ്സുകൾ റദ്ദാക്കിയതിന് കൃത്യമായ മറുപടി നൽകാൻ ലക്ഷദ്വീപ്പ് വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള വിജ്ഞാപനം പിന്നീട് പ്രത്യേകം ഇറക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും, നിലവിലുള്ള കോഴ്സുകൾ ഇല്ലാതാക്കിയത് ദ്വീപിലെ വിദ്യാർത്ഥികളെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.