
കുണ്ടറ: പോലിസ് കസ്റ്റഡിയിലെടുത്ത സ്വകാര്യ ബസ് ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. പെരുമ്പുഴ കുളത്തിന്‍കര കടയില്‍ വീട്ടില്‍ സിയാദി (36) ന്റെ മരണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായത്. സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണാതായ സംഭവത്തില്‍ ചോദ്യം ചെയ്യാനാണ് സിയാദിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പോലിസ് വിട്ടയച്ചെങ്കിലും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സിയാദ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചികിത്സയിലിരിക്കെ കഴിഞ്ഞ 24 നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.
പൊലീസിന്റെ ക്രൂരമായ മര്‍ദനം മൂലമാണ് സിയാദിന്റെ മരണമെന്നാണ് ആരോപണം. സംഭവം വിവാദമായതിന് പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സിയാദിനെ പൊലീസ് മര്‍ദിച്ചതായി ആരോപിക്കുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. സിയാദിന്റെ അയല്‍വാസികളും ഏഴാം ക്ലാസ് വിദ്യാര്‍ഥികളുമായ രണ്ട്കുട്ടികളെ കഴിഞ്ഞ ജൂണ്‍ 16നു കാണാതായതോടെയാണു സംഭവങ്ങളുടെ തുടക്കം. പൊലീസ് അന്വേഷിക്കാനെത്തിയപ്പോള്‍, സിയാദിനെതിരെ ഒരു കുട്ടിയുടെ സഹോദരി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്ന് അര്‍ധരാത്രി സിയാദിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കുട്ടികളെ അടുത്ത ദിവസം കണ്ടെത്തിയതോടെ സിയാദിനെ വിട്ടയച്ചു.
ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഈ മാസം 2നു സിയാദ് കുണ്ടറ താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. രോഗം മൂര്‍ഛിച്ചതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും പോയി. സിയാദിനെ കസ്റ്റഡിയിലെടുക്കാന്‍ എത്തിയ എസ്‌ഐ അതുല്‍ വസന്ത്, സിപിഒ എസ്. ശ്രീജിത്ത് എന്നിവര്‍ ജീപ്പില്‍ വച്ചു മര്‍ദിച്ചെന്നായിരുന്നു ശബ്ദസന്ദേശം.
അതേസമയം, ആശുപത്രികളിലെ ചികിത്സയിലോ പോസ്റ്റ്‌മോര്‍ട്ടത്തിലോ മര്‍ദനമേറ്റതിന്റെ സൂചനകളില്ലെന്നും മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതും ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായതുമാണു മരണകാരണമെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് എന്നുമാണു പൊലീസ്. കുണ്ടറ കൊല്ലം റൂട്ടിലോടുന്ന ബസിന്റെ ഡ്രൈവറായിരുന്നു സിയാദ്.
