ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; അനധികൃതമായി സഞ്ചരിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്


ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍; അനധികൃതമായി സഞ്ചരിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്


ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാന്‍. അമേരിക്കയുടെ ഇടപെടല്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് അടച്ചിടാനാണ് തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് ഇറാന്‍ അറിയിച്ചു. അനധികൃതമായി പാതയിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഒരു കപ്പലിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. ‘സമുദ്രസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിച്ച ഒരു കപ്പലിനെ ആക്രമിക്കുകയും തടഞ്ഞുനിര്‍ത്തുകയും ചെയ്തു’ എന്നാണ് ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) അറിയിച്ചത്. എന്നാല്‍ ഏത് കപ്പലിനെയാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഇറാനെതിരായ മൂന്നാംഘട്ട ആക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കടലിടുക്കിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകളെയും സിവിലിയന്‍ നാവികരെയും ആക്രമിക്കാനുളള ഇറാന്റെ നീക്കം തടയുമെന്ന് അമേരിക്ക അറിയിച്ചു.

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടതിൽ ഇറാന്‍ തീര്‍ച്ചായായും പ്രതികാരം ചെയ്യുമെന്ന് മൊജ്തബ ഖമനയി പ്രഖ്യാപിച്ചിരുന്നു. അലി ഖമനയിയുടെ സംസ്‌കാരം പൂര്‍ത്തിയായ ശേഷമുള്ള മൊജ്തബ ഖമനയിയുടെ ആദ്യപ്രതികരണം ആണിത്. തന്റെ പിതാവിന്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നായിരുന്നു മൊജ്തബ പ്രതിജ്ഞ എടുത്തത്. രാജ്യതാത്പര്യത്തെ മുന്‍നിര്‍ത്തിയാണ് താന്‍ ഈ പ്രതിജ്ഞയെടുക്കുന്നതെന്നും മൊജ്തബ വ്യക്തമാക്കി. അലി ഖമനയിയുടെ സംസ്‌കാര ചടങ്ങിനെത്തിയ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് മൊജ്തബ പ്രതികരിച്ചത്