പട്ടായ കാണാൻ പോയ മൂന്ന് ഇന്ത്യൻ യുവാക്കളെ കെട്ടിയിട്ട് പീഡിപ്പിച്ചു; ഏഴ് ദിവസം ബന്ദികളാക്കി കൊടുംക്രൂരത; കുറഞ്ഞ ചെലവിൽ ബാങ്കോക്ക് കാണാൻ ഇറങ്ങിയ പയ്യന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി; ഇന്ത്യക്കാരും പാക്കിസ്ഥാനികളും ചേർന്ന തട്ടിക്കൊണ്ടു പോകൽ സംഘം ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ

ജൂലൈ 21-നാണ് 23-നും 26-നും ഇടയിൽ പ്രായമുള്ള മൂന്ന് ഇന്ത്യൻ യുവാക്കൾ സഞ്ചാരികളായി ബാങ്കോക്കിലെത്തിയത്. ഏഴ് ദിവസത്തെ പട്ടായ ടൂർ പാക്കേജിനായി രണ്ട് ലക്ഷം രൂപ നൽകിയാണ് ഇവർ ഇന്ത്യയിൽ നിന്ന് യാത്ര തിരിച്ചത്. എന്നാൽ വിമാനത്താവളത്തിൽ ഇറങ്ങിയ യുവാക്കളെ ഓരോരുത്തരെയായി ബൈക്കുകളിൽ കയറ്റി തട്ടിപ്പ് സംഘം തങ്ങളുടെ ഒളിസങ്കേതത്തിലേക്ക് കടത്തുകയായിരുന്നു. തുടർന്ന് ഒരാഴ്ചയോളം ഇവരെ തടങ്കലിൽ പാർപ്പിച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയാക്കി.
യുവാക്കളെ മോചിപ്പിക്കുന്നതിനായി 2.4 ദശലക്ഷം തായ്‌ലൻഡ് ബാത്ത് (ഏകദേശം 70 ലക്ഷം രൂപ) ആണ് സംഘം മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. യുവാക്കളുടെ ഇന്ത്യയിലുള്ള വീടുകളിലേക്ക് ഫോൺ മുഖേന ബന്ധപ്പെട്ടാണ് തട്ടിപ്പുകാർ തുക ആവശ്യപ്പെട്ടത്. മക്കൾ അപകടത്തിലാണെന്ന് മനസ്സിലാക്കിയ ബന്ധുക്കൾ ഉടൻ തന്നെ സംഭവം ഇന്ത്യൻ അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.
ഇന്ത്യയിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്ന് തായ്‌ലൻഡ് പൊലീസ് ഉടനടി അന്വേഷണം ആരംഭിച്ചു. മോചനദ്രവ്യം ആവശ്യപ്പെട്ട് ഇന്ത്യയിലേക്ക് വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ പ്രാഥമിക അന്വേഷണം. പ്രതികൾ മറ്റൊരു രാജ്യത്ത് രജിസ്റ്റർ ചെയ്ത ഫോണുകളാണ് ഉപയോഗിച്ചിരുന്നതെങ്കിലും, ശാസ്ത്രീയ അന്വേഷണത്തിലൂടെ പൊലീസ് സംഘം ഇവരുടെ ഒളിസങ്കേതം കൃത്യമായി കണ്ടെത്തുകയായിരുന്നു.
തിങ്കളാഴ്ച ഒളിസങ്കേതത്തിൽ മിന്നൽ റെയ്ഡ് നടത്തിയ പൊലീസ് ബന്ദികളാക്കപ്പെട്ട മൂന്ന് യുവാക്കളെയും സുരക്ഷിതമായി മോചിപ്പിച്ചു. തുടർന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് തട്ടിപ്പിൽ നേരിട്ട് പങ്കുള്ള അവ്താർ സിങ്, ജഗ്ജിത് സിങ്, രാംബലക് കുമാർ, സുഖ്ബീർ സിങ്, കുൽറ സിങ് എന്നീ അഞ്ച് ഇന്ത്യക്കാരെ പിടികൂടുകയും ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി തായ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
