പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അറബിക്കടലില്‍ വെള്ളമില്ലാതായോ? യുഡിഎഫിനെതിരെ വി കെ സനോജ് എംഎല്‍എ

പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അറബിക്കടലില്‍ വെള്ളമില്ലാതായോ? യുഡിഎഫിനെതിരെ വി കെ സനോജ് എംഎല്‍എ



മട്ടന്നൂര്‍: പിഎം ശ്രീ പദ്ധതി അറബിക്കടലിലെറിയും എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ അറബിക്കടലില്‍ വെള്ളമില്ലാതായോയെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് എംഎല്‍എ. മട്ടന്നൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിഎംശ്രീയില്‍നിന്ന് പിന്മാറുന്നതുകൊണ്ട് യാതൊരു ബുദ്ധിമുട്ടുംഇല്ലെന്ന് കേന്ദ്രമന്ത്രി രാജ്യസഭയില്‍ വുക്തമാക്കിയിട്ടുണ്ട്. എല്‍ഡിഎഫിനെതിരെ പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു.

ആ സാഹചര്യത്തില്‍ പദ്ധതി മരവിപ്പിക്കാന്‍ നിലപാടെടുത്ത സര്‍ക്കാര്‍ അതുമായി ബന്ധപ്പെട്ട് ഒു കാര്യവും പിന്നീട് നടത്തിയിട്ടില്ല. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യംതന്നെ പിഎം ശ്രീയുടെ ഫയലുകള്‍ തപ്പിയെടുത്ത് മുന്നോട്ടു പോകുകയാണ്. പിഎം ശ്രീ മുന്‍നിര്‍ത്തി എല്‍ഡിഎഫിനെതിരെ കടുത്ത വര്‍ഗീയ പ്രചാരണം നടത്തിയാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. എല്‍ഡിഎഫ് വര്‍ഗീയ പാര്‍ട്ടിയാണെന്നും ആര്‍എസ്എസുമായി ഡീലുണ്ടാക്കിയ സര്‍ക്കാരാണെന്നുവരെ ആക്ഷേപം ഉന്നയിച്ചു.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പരസ്യമായി പ്രഖ്യാപിച്ചു. ഇപ്പോള്‍ പദ്ധതി അറബിക്കടലില്‍ എറിയാന്‍ വെള്ളമില്ലേ -അദ്ദേഹം ചോദിച്ചു. പിഎം ശ്രീ പദ്ധതിയില്‍നിന്ന് പിന്മാറിയാല്‍ ഒരു കുഴപ്പവുമില്ലെന്ന് പറഞ്ഞിട്ടുപോലും പദ്ധതിയുമായി മുന്നോട്ടു പോകുന്നത് ഏതുതരം ഡീലിന്റെ ഭാഗമാണെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്നും വി കെ സനോജ് എംഎല്‍എ ആവശ്യപ്പെട്ടു.