ചെങ്കടലിലെ ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ആവശ്യമായ മിസൈലുകളും ഡ്രോണുകളും ഹൂതികൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാൻ-യുഎസ് സംഘർഷം: അമേരിക്ക ആക്രമിച്ചാൽ ചെങ്കടൽ പാത അടയ്ക്കാൻ ഹൂതികൾക്ക് നിർദേശം നൽകി ഇറാൻ 

ടെഹ്‌റാൻ: അമേരിക്ക ഇറാനിലെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിച്ചാൽ ചെങ്കടലിലെ എണ്ണ ഗതാഗത പാത അടച്ചിടാൻ തയാറായിരിക്കാൻ ഹൂതി വിമതരോട് ഇറാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട് (Red Sea Oil Route Closure). ഗൾഫ് മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണിത്. ഇറാന്റെ പരമോന്നത നേതൃത്വത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടുണ്ടെന്നും, ഈ നിർദേശം ഹൂതികൾക്ക് കൈമാറിയെന്നുമാണ് വിവരം.

ഹോർമുസ് കടലിടുക്ക് ഇതിനകം അടച്ചുപൂട്ടിയ സാഹചര്യത്തിൽ, ചെങ്കടൽ പാത കൂടി അടച്ചാൽ അത് ആഗോള ഊർജ്ജ വിതരണത്തെ ഗുരുതരമായി ബാധിക്കും. ചെങ്കടലിലെ  ബാബ് അൽ-മന്ദബ്  കടലിടുക്ക് വഴി ഗതാഗതം തടസ്സപ്പെടുത്തുന്നതിന് ആവശ്യമായ മിസൈലുകളും ഡ്രോണുകളും ഹൂതികൾ ഇതിനകം സജ്ജീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യെമനിലെ ഹൈലാൻഡ്‌സ് കേന്ദ്രീകരിച്ച് ഹൂതികൾ നടത്തുന്ന നീക്കങ്ങൾക്ക് ഇറാനിയൻ റെവല്യൂഷണറി ഗാർഡിന്റെ നിയന്ത്രണമുണ്ടാകും.

ചെങ്കടലിലെ എണ്ണ കയറ്റുമതി പാതകൾക്കെതിരെയുള്ള ഭീഷണിയെ ഗൗരവമായാണ് സൗദി അറേബ്യ കാണുന്നത്. സൗദിയുടെ ഊർജ്ജ കയറ്റുമതിയുടെ ഭൂരിഭാഗവും നിലവിൽ ചെങ്കടൽ വഴിയാണ് നടക്കുന്നത്. ഈ മേഖലയിലെ ആക്രമണങ്ങൾ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമാകും. ഇസ്രായേലും അമേരിക്കയും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന് ഫെബ്രുവരി അവസാനം ആരംഭിച്ച സംഘർഷം, ഇപ്പോൾ ചെങ്കടലിലേക്കും വ്യാപിക്കുകയാണ്. ചെങ്കടലിലെ ഗതാഗതം തടസ്സപ്പെടുത്താൻ അത്യാധുനിക മിസൈലുകൾ ആവശ്യമില്ലെന്നും, ചെറിയ തോക്കുകൾ ഉപയോഗിച്ച് പോലും അത് സാധ്യമാണെന്നും മേഖലയിലെ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.