കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം; പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി

കോക്രോച്ച് ജനതാ പാർട്ടി പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം; പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി



ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പാർലമെന്റ് മാർച്ചിൽ വൻ സംഘർഷം. മാർച്ചുമായെത്തിയ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി.

പ്രതിഷേധക്കാരെ തടയാൻ പൊലീസ് തീർത്ത ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി സി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ഭാവി വെച്ചാണ് കേന്ദ്ര മന്ത്രാലയം ഒത്തുകളിക്കുന്നതെന്നും ഉത്തരവാദികളായവർ രാജിവെക്കും വരെ സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കി. വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. അതേസമയം, സമാധാനപരമായി തുടങ്ങിയ മാർച്ചിന് നേരെ പൊലീസ് മനഃപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സി.ജെ.പി നേതാക്കൾ ആരോപിച്ചു.

അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിലും പാർലമെന്റ് പരിസരത്തും പൊലീസ് അതീവ ജാഗ്രതയാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷ മുൻനിർത്തി പ്രധാന മെട്രോ സ്റ്റേഷനുകളിലും പാർലമെന്റിലേക്കുള്ള കവാടങ്ങളിലും വൻ സായുധ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ നഗരത്തിലെ പല ഭാഗങ്ങളിലും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്