പനി ബാധിച്ച് ഭാര്യ മരിച്ചു; ചികിൽസാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭർത്താവ്

പനി ബാധിച്ച് ഭാര്യ മരിച്ചു; ചികിൽസാപ്പിഴവ് ആരോപിച്ച് ആശുപത്രിക്ക് തീയിട്ട് ഭർത്താവ്



തെലങ്കാനയിലെ ഭദ്രാദ്രി കോത്തഗുഡെം ജില്ലയിൽ ചികിൽസാപ്പിഴവിനെത്തുടർന്ന് ഭാര്യ മരിച്ചെന്നാരോപിച്ച് സ്വകാര്യ ആശുപത്രിക്ക് തീയിട്ട് ഭർത്താവ്.

പനിയുമായെത്തിയ 36കാരി വെങ്കട്ട രമ്മണയാണ് മരിച്ചത്. ഡോക്‌ടർമാർ അമിത അളവിൽ മരുന്ന് നൽകിയതാണ് മരണത്തിന് കാരണമായതെന്ന് യുവതിയുടെ ഭർത്താവ് ആരോപിക്കുന്നത്. പിന്നാലെയാണ് ഇയാൾ ആശുപത്രിക്ക് തീയിട്ടത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്‌ഥ ഉടലെടുത്തു.

പാൽവഞ്ച മണ്ഡലത്തിലെ ദന്തേലബോരു ഗ്രാമത്തിലെ ഗോത്രവിഭാഗത്തിൽപ്പെട്ടയാളാണ് മരിച്ച വെങ്കട്ട രമ്മണ. പനിയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ യുവതി മരണപ്പെടുകയായിരുന്നു. മരണകാരണത്തെക്കുറിച്ച് വ്യക്ത്‌തമായ വിശദീകരണം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും നില വഷളായ ശേഷമാണ് യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ജീവനക്കാർ ഉത്തരവാദത്തമില്ലാതെ പെരുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.

തുടർന്ന് ആശുപത്രിക്ക് ഉള്ളിൽ പ്രതിഷേധിച്ച യുവതിയുടെ ഭർത്താവ് റിസപ്ഷൻ കൗണ്ടറിന് തീയിടുകയായിരുന്നു. ആശുപത്രി മാനേജ്മെന്റ് വിവരമറിയിച്ചിതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പെട്ടെന്ന് തീ അണച്ചതോടെ വലിയ ദുരന്തം ഒഴിവായി. പൊലീസ് തന്നെയാണ് സ്‌ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതും. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.