മലയാളികള്‍ക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്, പെരുമ്പാവൂര്‍ ലഹരിയുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി മാറണം'; തൂഫാൻ ജാ​ഗരൺ റാലിയുമായി ആഭ്യന്തര മന്ത്രി

'മലയാളികള്‍ക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ട്, പെരുമ്പാവൂര്‍ ലഹരിയുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി മാറണം'; തൂഫാൻ ജാ​ഗരൺ റാലിയുമായി ആഭ്യന്തര മന്ത്രി


കൊച്ചി: പെരുമ്പാവൂരിലെ ലഹരി മുക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. തൂഫാൻ ചരിത്രമാണെന്നും പെരുമ്പാവൂർ ലഹരി കാപ്പിറ്റൽ എന്ന മേൽ വിലാസം മാറണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരുമ്പാവൂരിൽ സംഘടിപ്പിച്ച തൂഫാൻ ജാ​ഗരൺ റാലിയിലാണ് ആഭ്യന്തര മന്ത്രിയുടെ വാക്കുകൾ. അതിഥി തൊഴിലാളികളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മലയാളികൾക്കും ലഹരി വ്യാപനത്തിൽ പങ്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ലഹരിവിൽപന നിർത്തിയില്ലെങ്കിൽ കൈകളിൽ വിലങ്ങുവീഴുമെന്ന് ആഭ്യന്തര മന്ത്രി ലഹരിമാഫിയകൾക്ക് മുന്നറിയിപ്പ് നൽകി. മരണത്തിന്റെ വ്യാപാരികളെ നിലക്ക് നിർത്തും.കേരള, കർണാടക, പുതുച്ചേരി, തമിഴ്നാട്, തെലങ്കാന ഡിജിപി മാരുടെ സംയുക്ത യോഗം ഉടൻ നടത്തും. ലഹരി വേട്ടക്ക് പ്രത്യേക ടാസ്ക് ഫോഴ്‌സ് തന്നെ രൂപീകരിക്കും. വാഹനങ്ങളും ജീവനക്കാരും ഉൾപ്പെടെ ആവശ്യത്തിന് സൗകര്യങ്ങളും ഒരുക്കും. കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാർക്ക് സുഗമമായി നടക്കാൻ കഴിയണം. വലിയ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കണം എന്നും പെരുമ്പാവൂരിലെ ജനങ്ങളോട് ആഭ്യന്തര മന്ത്രി ആഹ്വാനം ചെയ്തു. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ രമേശ്‌ ചെന്നിത്തല പൊലീസിനെ അഭിനന്ദിക്കുകയും ചെയ്തു. ഡിജിപിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു.