മലപ്പുറം: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റിട്ട കേസില്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം) ചുമത്തി. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ മുഹമ്മദ് സനൂഫ് (26) ആണ് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടിയിലായത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മടങ്ങിവരുന്നതിനിടെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ ഇടുക്കി മുട്ടം പോലീസിന് കൈമാറുകയും കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
ഒരു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എന്‍. രാമചന്ദ്രന്റെ വിയോഗത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ മകള്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ ഒരു വികാരനിര്‍ഭരമായ വീഡിയോ പങ്കുവെച്ചിരുന്നു. സൗദി അറേബ്യയിലായിരുന്ന സനൂഫ് ഈ വീഡിയോയ്ക്ക് താഴെ 'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ അങ്ങേയറ്റം പ്രകോപനപരവും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതുമായ വിദ്വേഷ കമന്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം മുട്ടം പോലീസില്‍ പരാതി നല്‍കി.
സംസ്ഥാന സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍, വിദേശത്തിരുന്ന് പോസ്റ്റ് ചെയ്ത ഈ കമന്റ് അതീവ ഗുരുതരമായ കുറ്റമാണെന്ന് കണ്ടെത്തുകയും പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയുമായിരുന്നു. നിലവില്‍ പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്ത് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
സൗദി അറേബ്യയില്‍ നിന്ന് രഹസ്യമായി കേരളത്തിലെത്താന്‍ ശ്രമിച്ച മുഹമ്മദ് സനൂഫിനെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ ഇയാളുടെ മറ്റ് ഇടപെടലുകളും പരിശോധിച്ചുവരികയാണ്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലോ രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്ന തരത്തിലോ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.
ഈ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇടതു-വലതു മുന്നണികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. രാജ്യത്തിനായി ജീവന്‍ ബലിനല്‍കിയ സൈനികന്റെ മരണം ആഘോഷമാക്കുകയും രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത യുവാവിന്റെ അറസ്റ്റ് ഓരോ മലയാളിക്കും ഒരു മുന്നറിയിപ്പാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഒരു മലയാളി ക്രൂരമായി കൊല്ലപ്പെട്ടതിനെ ആഘോഷിക്കാന്‍ മാത്രം മറ്റൊരു മലയാളി യുവാവ് എങ്ങനെയാണ് ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, വര്‍ഷങ്ങളായി സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ പ്രീണനത്തിന്റെയും തീവ്രവാദ ചിന്താഗതികള്‍ വളര്‍ത്തുന്നതിന്റെയും അനന്തരഫലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ്, സി.പി.എം കക്ഷികളുടെ രാഷ്ട്രീയ കാപട്യമാണ് ഇത്തരം വിനാശകരമായ ചിന്താഗതികള്‍ക്ക് പിന്നിലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു. ഇരുമുന്നണികളും ദേശീയ താല്‍പ്പര്യത്തേക്കാള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കി തീവ്രവാദ ശക്തികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വന്ദേമാതരം ആലപിക്കുന്നതിനെ എതിര്‍ക്കുകയും, ദേശീയ നേട്ടങ്ങള്‍ ആഘോഷിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നതിലൂടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. യുവാക്കളെ അഭിസംബോധന ചെയ്യാന്‍ ഹമാസ് നേതാക്കളെ വരെ പരോക്ഷമായി അനുവദിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് ഇവര്‍ വളര്‍ത്തുന്നത്. വിദ്വേഷവും തീവ്രവാദവുമല്ല, പകരം തൊഴില്‍ നൈപുണ്യം, മികച്ച അവസരങ്ങള്‍, നൂതന ആശയങ്ങള്‍, ദേശസ്‌നേഹം എന്നിവയിലധിഷ്ഠിതമായ ഒരു ഭാവിയാണ് കേരളത്തിലെ യുവാക്കള്‍ക്ക് നല്‍കേണ്ടതെന്നും, വികസനത്തിലും പ്രകടനത്തിലും ഊന്നിയുള്ള പുതിയൊരു രാഷ്ട്രീയ കാലഘട്ടമാണ് ഇനി വരേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യ സുരക്ഷയെയും സൈനികരെയും അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
