കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; സംഭവം ഗള്‍ഫില്‍ നിന്നും ജോലി നഷ്ടമായി നാട്ടിലെത്തിയതിന് പിന്നാലെ

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം; അച്ഛനും മകളും മരിച്ചു; സംഭവം ഗള്‍ഫില്‍ നിന്നും ജോലി നഷ്ടമായി നാട്ടിലെത്തിയതിന് പിന്നാലെ



കുന്നംകുളം: തൃശ്ശൂര്‍ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴഞ്ഞി എംഡി കോളേജിന് സമീപമുള്ള വീട്ടില്‍ നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ അച്ഛനും മകളും മരിച്ചു. പ്രവാസിയായിരുന്ന സിബിയും മകള്‍ അലീനയുമാണ് മരിച്ചത്.

ഗള്‍ഫിലായിരുന്ന സിബി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കടുത്ത സാമ്പത്തി ബാധ്യത കുടുംബത്തിന് ഉണ്ടായിരുന്നു. ഇതാണ് കുടുംബത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സിബിയുടെ മൃതദേഹം കിണറ്റില്‍നിന്നാണ് കണ്ടെത്തിയത്. അലീനയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ചിരുന്നതായും വിവരമുണ്ട്.

സിബിയുടെ ഭാര്യ ബീനയെയും മകന്‍ ആദിത്യയെയുമാണ് ആശുപത്രിയില്‍പ്രവേശിപ്പിച്ചത്. 17-കാരനായ ആദിത്യന്‍ ഭയന്ന് പോലീസിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജീവിതം അവസാനിപ്പിക്കുകയാണെന്ന് എഴുതിയ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലുപേരും വിഷം കഴിച്ചിരുന്നു. അലീന നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുകയായിരുന്നു. മകന്‍ ആദിത്യനെ തിങ്കളാഴ്ച ബി.ടെക് കോഴ്‌സിന് ചേര്‍ക്കാനിരിക്കുകയായിരുന്നു. അക്കിക്കാവ് സ്വദേശികളായ ഇവര്‍ 10 വര്‍ഷം മുമ്പാണ് പഴഞ്ഞിയില്‍ പുതിയ വീട് നിര്‍മിച്ച് താമസമാക്കിയത്