ഫ്ളാറ്റില്‍ കഴുത്തറുത്ത് ചോരയില്‍ കുളിച്ച നിലയില്‍ യുവതി; തൊട്ടടുത്ത ദിവസം റെയില്‍വേ ട്രാക്കില്‍ ചിതറിത്തെറിച്ച യുവാവ്; ഗുരുഗ്രാമിനെ നടുക്കി ഐടി എഞ്ചിനീയര്‍മാരുടെ മരണം; രണ്ടുപേരും ഒരേകമ്പനിയിലെ എന്‍ജിനീയര്‍മാര്‍

ഫ്ളാറ്റില്‍ കഴുത്തറുത്ത് ചോരയില്‍ കുളിച്ച നിലയില്‍ യുവതി; തൊട്ടടുത്ത ദിവസം റെയില്‍വേ ട്രാക്കില്‍ ചിതറിത്തെറിച്ച യുവാവ്; ഗുരുഗ്രാമിനെ നടുക്കി ഐടി എഞ്ചിനീയര്‍മാരുടെ മരണം; രണ്ടുപേരും ഒരേകമ്പനിയിലെ എന്‍ജിനീയര്‍മാര്‍



ന്യൂഡല്‍ഹി: ഒരേ കമ്പനിയില്‍ ഒന്നിച്ച് ജോലി ചെയ്ത്, ഒരേ ഫ്ളാറ്റില്‍ ഒന്നിച്ചു താമസിച്ചിരുന്ന രണ്ട് യുവ എഞ്ചിനീയര്‍മാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ടിടങ്ങളിലായി ദാരുണമായി കൊല്ലപ്പെട്ട നിലയില്‍. ഗുരുഗ്രാമിലെ പ്രമുഖ ഐടി കമ്പനിയായ ഒപ്റ്റത്തിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ ഉത്തര്‍പ്രദേശ് സ്വദേശിനി ഇന്‍ഷാറ അയ്യൂബ് (25), ഛത്തീസ്ഗഢ് സ്വദേശി ശ്രേസ്ത് മാലിക് (25) എന്നിവരാണ് മരിച്ചത്. ഫ്ളാറ്റിനുള്ളില്‍ യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് മാലിക്കും ഇന്‍ഷാറയും ഗുരുഗ്രാമിലെ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. ആദ്യം പി.ജി. ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന ഇന്‍ഷാറ, ഈ മാസം ഒന്നാം തീയതി മുതലാണ് മാലിക്കിനൊപ്പം സെക്ടര്‍ 55-ലെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ഇന്‍ഷാറയെ നാട്ടിലുള്ള ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. ഫോണ്‍ എടുക്കാതായതോടെ സംശയം തോന്നിയ ബന്ധുക്കള്‍ ഉടന്‍ തന്നെ ഗുരുഗ്രാം പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

ബന്ധുക്കളുടെ പരാതിക്ക് പിന്നാലെ ഇന്‍ഷാറയുടെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സൈബര്‍ പോലീസ് പരിശോധിച്ചപ്പോഴാണ് പോലീസ് സംഘം മാലിക്കിന്റെ ഫ്ളാറ്റിലേക്ക് പാഞ്ഞെത്തിയത്. ഫ്ളാറ്റിന്റെ മുന്‍വാതില്‍ തുറന്നുകിടക്കുന്ന നിലയിലായിരുന്നു. സംശയം തോന്നി പോലീസ് സംഘം അകത്തു കയറിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു!

ചോരയില്‍ കുളിച്ച നിലയില്‍ ഇന്‍ഷാറയുടെ മൃതദേഹം ഫ്ളാറ്റിനുള്ളില്‍ കിടക്കുന്നു. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ ഒന്നിലേറെ തവണ ക്രൂരമായി കുത്തേറ്റ പാടുകളുമുണ്ട്. മൃതദേഹത്തിന് കുറഞ്ഞത് 24 മണിക്കൂറെങ്കിലും പഴക്കമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഇന്‍ഷാറയുടെ കൊലപാതകത്തില്‍ ഒപ്പം താമസിച്ചിരുന്ന മാലിക്കിനായി പോലീസ് വലവീശുന്നതിനിടെയാണ് അടുത്ത ഞെട്ടിക്കുന്ന വിവരമെത്തുന്നത്. റെയില്‍വേ ട്രാക്കില്‍ ഒരു യുവാവിന്റെ മൃതദേഹം ചിതറിത്തെറിച്ച നിലയില്‍ കണ്ടെത്തി. പരിശോധനയില്‍ ഇത് മാലിക് തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭയന്നോടിയ മാലിക് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. ഇരുവരും തമ്മില്‍ ഫ്ളാറ്റില്‍ വെച്ച് കടുത്ത തര്‍ക്കമുണ്ടായോ? കൊലപാതകത്തിലേക്ക് നയിച്ച പ്രേരണ എന്താണ്? അതോ സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐടി മേഖലയിലെ ഈ ദാരുണാന്ത്യത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍.