എഡിജിപി എസ് ശ്രീജിത്തിന് തിരിച്ചടി; അനുമതിയില്ലാതെ വിദേശയാത്ര, ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് റദ്ദാക്കി ഹൈക്കോടതി, സംരക്ഷിച്ചതിന് വിമർശനം
തിരുവനന്തപുരം: അനുമതി ഇല്ലാതെ വിദേശ യാത്ര നടത്തിയ എഡിജിപി എസ് ശ്രീജിത്തിന് അനുകൂലമായി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തള്ളി ഹൈക്കോടതി. റിപ്പോര്‍ട്ട് നല്‍കിയ ആഭ്യന്തര വകുപ്പ് മുന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറിയും നിലവിലെ ചീഫ് സെക്രട്ടറിയുമായ ബിശ്വനാഥ് സിന്‍സഹയെ ജസ്റ്റിസ് ബദറുദ്ദിന്‍ വിമര്‍ശിച്ചു. ശ്രീജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പരാതിക്കാരനെയും ആരോപണ വിധേയനേയും ഒരുമിച്ച് കേട്ടത് ശരിയായ നടപടിയല്ലെന്നും ആരോപണ വിധേയന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായതിനാല്‍ പരാതിക്കാരന് സ്വതന്ത്രമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരനെ വീണ്ടും കേട്ട് വിജിലന്‍സ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് പുതിയ തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. എല്ലാ നടപടികളും മൂന്നാഴ്ചക്കകം പൂര്‍ത്തിയാക്കണം. ഹര്‍ജി ഓഗസ്റ്റ് 18ന് വീണ്ടും പരിഗണിക്കും.