ഫീസടിച്ചിട്ടും അച്ചടിച്ച ആര്‍സി നല്‍കിയില്ല;: ചോദിച്ചപ്പോള്‍ 'ഡിജിറ്റല്‍ ആര്‍.സി' ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപദേശം; ആര്‍.സി. കാര്‍ഡ് നല്‍കാത്ത എം.വി.ഡി.ക്ക് ഉപഭോക്തൃ കോടതിയുടെ ഉഗ്രന്‍ പ്രഹരം; പരാതിക്കാരന് പതിനായിരം രൂപ നഷ്ടപരിഹാരവും നല്‍കണം!

2025 ഫെബ്രുവരി 14-നാണ് ആത്മേശന്‍ തന്റെ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആര്‍.സി. തപാലില്‍ വീട്ടിലെത്തിക്കുന്നതിനുമായി കൊണ്ടോട്ടി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ 245 രൂപ ഫീസടച്ച് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ആര്‍.സി. തപാലില്‍ വന്നില്ല. ഇതോടെ ഓഫീസുമായി ബന്ധപ്പെട്ട അപേക്ഷകന് ഉദ്യോഗസ്ഥരില്‍ നിന്ന് കിട്ടിയത് വിചിത്രമായ മറുപടിയാണ്.
മാര്‍ച്ച് 1 മുതല്‍ ഡിജിറ്റല്‍ ആര്‍.സി. സംവിധാനം നിലവില്‍ വന്നുവെന്നും, പരിവാഹന്‍ പോര്‍ട്ടലില്‍ നിന്ന് സ്വന്തമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചോളൂ എന്നുമായിരുന്നു ഉപദേശം. എന്നാല്‍ അച്ചടിച്ച ആര്‍.സി. തരുന്നില്ലെങ്കില്‍ അതിനായി ഈടാക്കിയ 245 രൂപ തിരികെ തരണമെന്ന് ആത്മേശന്‍ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ അതിന് കൂട്ടാക്കിയില്ല. വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഈ ന്യായമില്ലാത്ത നിലപാടിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. തുടര്‍ന്നാണ് ആത്മേശന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
പരാതി വിശദമായി പരിശോധിച്ച ഉപഭോക്തൃ കോടതി, മോട്ടോര്‍ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് സേവനത്തില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി വിധി എഴുതി. ഇതിന് ശിക്ഷയായി. അച്ചടിച്ച ആര്‍.സി.ക്കായി വാങ്ങിയ 245 രൂപ തിരികെ നല്‍കണം എന്ന് ഉപഭോക്തൃ ഫോറം ഉത്തരവിട്ടു. അപേക്ഷകനുണ്ടായ മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നല്‍കണം, കോടതിച്ചെലവുകള്‍ക്കായി 3,000 രൂപ വേറെയും നല്‍കണമെന്നുമാണ് ഉത്തരവ്.
ഇങ്ങനെ ആകെ തുക പരാതിക്കാരന് നല്‍കാനാണ് കമ്മീഷന്റെ കര്‍ശന ഉത്തരവ്. ഫീസും വാങ്ങി ജനങ്ങളെ വട്ടംചുറ്റിക്കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള കൃത്യമായ താക്കീതാണ് ഉപഭോക്തൃ കോടതിയുടെ ഈ വിധി.
