പരമ്പരാഗത ഭക്ഷണ സംസ്‌കാരം നിലനിര്‍ത്താന്‍ അമ്മമാര്‍ തങ്ങളുടെ പ്രത്യേക രുചിക്കൂട്ടുകള്‍ മരുമക്കള്‍ക്ക് പകര്‍ന്നുനല്‍കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലും കടുത്ത വിമര്‍ശനവും സ്ത്രീവിരുദ്ധ ആരോപണങ്ങളും ശക്തമാകുന്നു

'അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണരീതികള്‍ പകര്‍ന്നു നല്‍കണം' എന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ തൂങ്ങി വിമര്‍ശകര്‍; പ്രസ്താവന സ്ത്രീവിരുദ്ധം: 'വീട്ടുജോലികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മള്‍ പാഠപുസ്തകങ്ങളില്‍ വരുത്തി, എന്നിട്ടു'മെന്ന് ശിവന്‍കുട്ടി; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു എഴുത്തുകാരി ശാരദക്കുട്ടിയും


തിരുവനന്തപുരം: പരമ്പരാഗത ഭക്ഷണ സംസ്‌കാരം നിലനിര്‍ത്താന്‍ അമ്മമാര്‍ തങ്ങളുടെ പ്രത്യേക രുചിക്കൂട്ടുകള്‍ മരുമക്കള്‍ക്ക് പകര്‍ന്നുനല്‍കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിലും കടുത്ത വിമര്‍ശനവും സ്ത്രീവിരുദ്ധ ആരോപണങ്ങളും ശക്തമാകുന്നു. ചെങ്ങന്നൂരില്‍ നടന്ന പമ്പ ഫെസ്റ്റിവലില്‍ സംസാരിക്കവെയാണ് ലിംഗസമത്വ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ പരാമര്‍ശം വി.ഡി. സതീശന്‍ നടത്തിയത്. സതീശന്റെ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സ്ത്രീപക്ഷ പ്രവര്‍ത്തകരും ഇടത് നേതാക്കളും രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്.

വിവാദ പരാമര്‍ശം ഇങ്ങനെ:

കല ഉള്‍പ്പെടെ പരമ്പരാഗതമായതെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് വിശദീകരിക്കുന്നതിനിടയിലാണ് ഭക്ഷണ സംസ്‌കാരത്തെക്കുറിച്ചും അടുക്കളയിലെ പാരമ്പര്യത്തെക്കുറിച്ചും പരാമര്‍ശമുണ്ടായത്.

'ഭക്ഷണം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണ്. വല്ലാത്തൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. എല്ലാവരും അവനവനിലേക്ക് മാത്രം ചുരുങ്ങുന്ന കാലമാണിത്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട കലകളെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മുന്‍തലമുറകള്‍ അതെല്ലാം നമുക്ക് പകര്‍ന്നു തന്നു. എന്നാല്‍ ഇന്ന് അതൊന്നും അടുത്ത തലമുറയിലേക്ക് കൈമാറുന്നില്ല. ചില അമ്മമാരോട് ഞാന്‍ പരാതി പറയാറുണ്ട്. അവര്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കും. പക്ഷേ അത് സ്വന്തം മക്കള്‍ക്ക് പഠിപ്പിക്കുന്നില്ല. മക്കള്‍ക്കോ അല്ലെങ്കില്‍ മകന്റെ ഭാര്യയായി വരുന്ന ആളിനോ ആ ഭക്ഷണത്തിന്റെ പ്രത്യേകതയും തയ്യാറാക്കുന്ന രീതിയും പറഞ്ഞു കൊടുക്കണം,' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

പാഠപുസ്തകം മാറിയിട്ടും ചിന്ത മാറുന്നില്ലെന്ന് വി. ശിവന്‍കുട്ടി

വീട്ടുജോലികളിലും അടുക്കളക്കാര്യങ്ങളിലും ആണ്‍-പെണ്‍ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളില്‍ പോലും മാറ്റങ്ങള്‍ വരുത്തുന്ന ഈ കാലത്ത്, ഭക്ഷണ സംസ്‌കാരം നിലനിര്‍ത്തേണ്ട ചുമതല വീണ്ടും 'മരുമകളുടെ' തലയില്‍ കെട്ടിവെക്കുന്ന മനോഭാവമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നാണ് പ്രധാന വിമര്‍ശനം. മകളുടെ കാര്യം പറയാതെ 'മകന്റെ ഭാര്യയ്ക്ക്' തന്നെ രുചിക്കൂട്ട് കൈമാറണമെന്ന് എടുത്തുപറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം.

വിഷയത്തില്‍ മുന്‍മന്ത്രി വി. ശിവന്‍കുട്ടിയും സമൂഹമാധ്യമത്തിലൂടെ പരിഹാസരൂപേണ പ്രതികരിച്ചു. 'വീട്ടുജോലികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മള്‍ പാഠപുസ്തകങ്ങളില്‍ വരുത്തി. എന്നിട്ടും...!' എന്നായിരുന്നു ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

എഴുത്തുകാരി ശാരദക്കുട്ടിയും രൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. ജന്തര്‍ മന്ദിറിലെ പെണ്‍കുട്ടികളുടെ സമരവീര്യം കണ്ട് മുഖം കൊടുക്കാതിരുന്നവരില്‍ നിന്ന് ഇതിലും അപ്പുറമൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് അവര്‍ കുറിച്ചു.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

'ചുമ്മാതല്ല, ജന്തര്‍ മന്ദിറിലെ സമരപ്പന്തലിലെ പെണ്‍കുട്ടികളുടെ സമരവീറും വീര്യവും കണ്ട് വാ പൂട്ടി മുഖം കൊടുക്കാതെ ഇരുന്നത്. ഇവിടം വരെയേ വണ്ടി എത്തിയിട്ടുള്ളു. പാരമ്പര്യം പകര്‍ന്നു കൊടുക്കാനൊക്കെ ഇക്കാലത്തെ അമ്മമാര്‍ പോലും ധൈര്യപ്പെടാത്തിടത്താണ്. അമ്മു ദീപയുടെ ഒരു കവിത ഞാനങ്ങു സമര്‍പ്പിക്കുന്നു. വെറുതെ വായിച്ചിട്ടു കാര്യമില്ല, ബുദ്ധി ഒന്ന് നന്നായി കഴുകി ഉണക്കിയെടുക്കണം.

'എന്റെ അമ്മേടമ്മേടമ്മയ്ക്ക്

സൊന്തായിട്ടൊരമ്മിക്കല്ലുണ്ടാര്‍ന്നു.

അമ്മേടമ്മേടമ്മേടമ്മ അത്

അമ്മമ്മയ്ക്ക് കൊടുത്തു.

അമ്മമ്മ അത് അമ്മയ്ക്കു കൊടുത്തു.

അമ്മ അത് എനിക്ക് തന്നു.

ഞാനതെടുത്ത് എന്റെ മകളുടെ തലയ്ക്കിട്ടു.

ഞങ്ങളുടെ താവഴി അന്യംനിന്നു പോയതങ്ങിനെയാണ്.''

അടുക്കള ജോലി സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന പഴയ യാഥാസ്ഥിതിക ചിന്താഗതിയെ ശക്തിപ്പെടുത്തുന്നതാണ് ഈ പരാമര്‍ശമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ കോണുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും സതീശനെതിരെ വിമര്‍ശനം ഇപ്പോഴും തുടരുകയാണ്.