പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് തന്നെ; പിന്മാറ്റം സാധ്യമല്ലെന്ന് യുഡിഎഫ്

പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് തന്നെ; പിന്മാറ്റം സാധ്യമല്ലെന്ന് യുഡിഎഫ്


വിവാദമായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പുവെച്ച പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ലെന്നും അടൂർ പ്രകാശ് പ്രതികരിച്ചു.

പിഎം ശ്രീ പദ്ധതി ഏതെല്ലാം വിദ്യാലയങ്ങളിൽ നടപ്പാക്കണമെന്ന കാര്യം യുഡിഎഫ് തീരുമാനിക്കുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

മദ്യ നയം രൂപപ്പെടുത്താൻ യുഡിഎഫ് ഉപസമിതിയെ നിയോഗിക്കും. അതിന്റെ അടിസ്ഥാനത്തിൽ തീരുമാനം സർക്കാരിനെ അറിയിക്കും. ഇതനുസരിച്ചുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ചർച്ച നടത്തി പൂർത്തീകരണം ഉണ്ടാകും. എൽഡിഎഫ് ഭരിക്കുന്ന ബോർഡുകളിലും കോർപ്പറേഷനുകളിലും സ്ഥാനമാനങ്ങൾ വഹിക്കുന്നവർ സ്വമേധയാ രാജിവെക്കണമെന്നും അടൂർ പ്രകാശ് ആവശ്യപ്പെട്ടു.