പെണ്‍മക്കളെ അനധികൃതമായി പിഎസ്സി ലിസ്റ്റില്‍ തിരുകി കയറ്റി; ബെംഗളൂരുവില്‍ പിഎസ് സി ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍

പെണ്‍മക്കളെ അനധികൃതമായി പിഎസ്സി ലിസ്റ്റില്‍ തിരുകി കയറ്റി; ബെംഗളൂരുവില്‍ പിഎസ് സി ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്ത് ഗവര്‍ണര്‍



ബെംഗളൂരു: പിഎസ്സി ലിസ്റ്റില്‍ പെണ്‍മക്കളെ അനധികൃതമായി തിരികി കയറ്റിയ കര്‍ണാടക പിഎസ്സി ചെയര്‍മാനെ ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തു. പിഎസ്സി ചെയര്‍മാനായ ശിവശങ്കരപ്പ എസ്.സഹുകര്‍ ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ തസ്തികയിലേക്കുള്ള പിഎസ്സി ലിസ്റ്റില്‍ മക്കളായ സുമയെ സംവരണ ക്വോട്ടയിലും അനുരാധയെ ജനറല്‍ വിഭാഗത്തിലും തിരുകിക്കയറ്റുകയായിരുന്നു. സംഭവം പിഎസ് സി അസിസ്റ്റന്റ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുകയും ഗവര്‍ണറെ അറിയിക്കുയും ചെയ്തതോടെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിടാന്‍ രാഷ്ട്രപതിയോട് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. സംവരണ ആനൂകൂല്യം ലഭിക്കാന്‍ വാര്‍ഷിക വരുമാനം 40,000 രൂപ മാത്രമാണെന്ന വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് സുമ ഹാജരാക്കിയതു പിഎസ്സി അസിസ്റ്റന്റ് സെക്രട്ടറി കണ്ടെത്തിയിരുന്നു. സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെ, പിഎസ്സി നിയമനത്തിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും കത്തെഴുതിയിരുന്നു. ഇതോടെ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പ് പുറത്തുവന്നത്.

കമ്മിഷന്‍ യോഗങ്ങളില്‍ നിന്ന് ചെയര്‍മാനെ മാറ്റിനിര്‍ത്താന്‍ നാലിനു ചേര്‍ന്ന യോഗത്തില്‍ അംഗങ്ങള്‍ തീരുമാനിച്ചിരുന്നു. അതേസമയം ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് പാസാക്കിയ പ്രമേയം ഹൈക്കോടതി ഇടപെട്ട് താല്‍ക്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്.