സ്‌കൂളില്‍ നിന്നും മടങ്ങവെ ഓട്ടോറിക്ഷയില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം

സ്‌കൂളില്‍ നിന്നും മടങ്ങവെ ഓട്ടോറിക്ഷയില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണു; ശരീരത്തിലൂടെ ലോറി കയറി ഇറങ്ങി ഏഴു വയസുകാരന് ദാരുണാന്ത്യം



മുക്കം: സ്‌കൂള്‍വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷയില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണ ഏഴുവയസ്സുകാരന്‍ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പിന് സമീപമുണ്ടായ അപകടത്തില്‍ മണാശ്ശേരി ഗവ. യു.പി. സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥി കെ. അമന്‍ ആണ് മരിച്ചത്. ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോര്‍ അബദ്ധത്തില്‍ തുറന്നുപോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

ഓട്ടോഡ്രൈവറുടെ മകനും അമന്റെ പിതൃസഹോദരന്റെ രണ്ടു മക്കളും മാത്രമാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. റോഡിലേക്ക് തെറിച്ചുവീണ കുട്ടിയുടെ ശരീരത്തിലൂടെ എതിര്‍ദിശയില്‍നിന്ന് വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഓമശ്ശേരി സ്വദേശിയായ അസീസാണ് ലോറി ഓടിച്ചിരുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

സാധാരണയായി ഓട്ടോറിക്ഷയുടെ വലതുവശത്തെ ഡോര്‍ പെട്ടെന്ന് തുറക്കാതിരിക്കാന്‍ താഴ്ഭാഗത്ത് ഒരു പൂട്ട് കൂടിയുണ്ടാകാറുണ്ട്. ഇത് ഇല്ലാതിരുന്നതാണ് ഡോര്‍ തുറക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക വിവരം. മാതൃഭൂമി കോഴിക്കോട് ഡിജിറ്റല്‍ വിഭാഗത്തിലെ ലീഡ് യു.ഐ. ഡിസൈനര്‍ ഷമീഷ് കാവുങ്ങലിന്റെയും തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ ഹെഡ് നഴ്സ് ബിനിയുടെയും മകനാണ് മരിച്ച അമന്‍.

കൂളിമാട് പാഴൂരാണ് അമന്റെ വീട്. അമന്റെ സഹോദരി ഇമയും ഇതേ സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയും പതിവായി ഇതേ ഓട്ടോറിക്ഷയിലെ യാത്രക്കാരിയുമാണ്. എന്നാല്‍, അസുഖത്തെത്തുടര്‍ന്ന് ഇമ വെള്ളിയാഴ്ച സ്‌കൂളില്‍ പോയിരുന്നില്ല