
കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറെ (എ.എസ്.ഐ.) കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി പൂനത്ത് സ്വദേശി അബ്ദുല്‍ റഷീദിനെയാണ് കാണാതായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഡ്യൂട്ടിക്കായി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു അബ്ദുല്‍ റഷീദ്. എന്നാല്‍, ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ മുക്കം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇയാളെ കാണാനില്ലെന്ന വിവരം പുറത്തുവരുന്നത്.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തിരച്ചിലില്‍, ബുധനാഴ്ച രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിസരത്ത് അബ്ദുല്‍ റഷീദിന്റെ ഇരുചക്രവാഹനം നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഇവിടെ പാര്‍ക്ക് ചെയ്ത ശേഷം ഇയാള്‍ ബസില്‍ കയറി മറ്റെവിടെക്കോ പോയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സമീപപ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും കാണാതായ എ.എസ്.ഐക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
