ലോകകപ്പ് ഓഹരി വില്‍പ്പനയില്‍ പ്രതിഷേധിച്ച് ഫിഫ ഉപദേഷ്ടാവ് രാജിവച്ചു
സൂറിച്ച്: ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്റുകളുടെ ഓഹരികള്‍ സ്വകാര്യ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള ഫിഫയുടെ വിവാദ നീക്കത്തില്‍ പ്രതിഷേധിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുടെ സീനിയര്‍ ഉപദേഷ്ടാവ് കാര്‍ലോസ് കോര്‍ഡെയ്റോ രാജി വെച്ചു. ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം കരാറാണെന്ന് വിശേഷിപ്പിച്ചാണ് മുന്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് വൈസ് ചെയര്‍മാനും യു എസ് സോക്കര്‍ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റുമായ കോര്‍ഡെയ്റോ തന്റെ പദവി ഒഴിഞ്ഞത്.</p><p>ലോകകപ്പ് ഉള്‍പ്പെടെയുള്ള പ്രധാന ഫിഫ ടൂര്‍ണമെന്റുകളുടെ വാണിജ്യ അവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു വാണിജ്യ സബ്‌സിഡിയറി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി. ഈ സ്ഥാപനത്തില്‍ 20 ശതമാനം വരെയുള്ള ഓഹരികള്‍ പുറത്തുനിന്നുള്ള നിക്ഷേപകര്‍ക്ക് വിറ്റ് ഏകദേശം 4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഫിഫ ലക്ഷ്യമിടുന്നത്. ഇതിനായി ജാറെഡ് കുഷ്നറുടെ സഹോദരനായ ജോഷ്വ കുഷ്നര്‍ സ്ഥാപിച്ച ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനത്തെയാണ് ഫിഫ നിക്ഷേപകരായി കണ്ടെത്തിയിരിക്കുന്നത്.ഈ കരാറുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും താന്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും കോര്‍ഡെയ്റോ പ്രസ്താവനയില്‍ വ്യക്തമാക്കി. 'ഫിഫയുടെ അംഗരാജ്യങ്ങള്‍ക്കും ഫുട്‌ബോളിനും കളിമൈതാനങ്ങളുടെ ദീര്‍ഘകാല ഭാവികിക്കും ഇതൊരു മോശം കരാറാണ്.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ മൂലധനം സമാഹരിക്കേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത കോര്‍ഡെയ്റോ, ഫിഫ ഇതിനകം തന്നെ മികച്ച സാമ്പത്തിക സ്ഥിതിയിലാണെന്ന് ചൂണ്ടിക്കാണിച്ചു.</p><p>'ഫിഫയുടെ കൈവശം ഇതിനകം തന്നെ അസാധാരണമായ സാമ്പത്തിക സ്രോതസ്സുകളുണ്ട്. സംഘടനയുടെ പക്കല്‍ കോടിക്കണക്കിന് ഡോളറിന്റെ കരുതല്‍ ശേഖരമുണ്ട്, കടങ്ങളൊന്നുമില്ല.' അദ്ദേഹം പറഞ്ഞു. 2022 നും 2026 നും ഇടയിലുള്ള കാലയളവില്‍ 15 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് ഫിഫ നേടിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.</p><p>4.2 ബില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിനായി ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ ആസ്തിയുടെ സ്ഥിരമായ ഓഹരി വില്‍ക്കുന്നത് യാതൊരു ന്യായീകരണവുമില്ലാതെ ഫുട്‌ബോളിന്റെ ഭാവി പണയം വെക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രൊപ്പോസലില്‍ വോട്ട് ചെയ്യുന്നതിന് മുമ്പ് സെപ്റ്റംബര്‍ 19-നകം ഇത് സൂക്ഷ്മമായി പരിശോധിക്കണമെന്ന് അദ്ദേഹം ഫിഫയുടെ 211 അംഗ അസോസിയേഷനുകളോട് അഭ്യര്‍ത്ഥിച്ചു.