കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി നാളെ. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. പ്രതിഭാഗത്തിൻറെയും വാദിഭാഗത്തിൻറെയും വാദം പൂർത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് തന്നെ ആപത്താണെന്നും വധശിക്ഷ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
പ്രതി കുറ്റകൃത്യം നടത്താൻ ഇനിയും സാധ്യതയുണ്ട്. ഗാന്ധിജിയല്ല താൻ എന്ന മനോഭാവം തന്നെ അതിനുദാഹരണമാണ്. അതേ സമയം മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും സാഹചര്യ തെളിവാണുള്ളത്, പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതി ചെന്താമര കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. തന്നെ തൂക്കിക്കൊന്നോളൂ എന്നാണ് കോടതിയോട് ചെന്താമര പറഞ്ഞത്. വധശിക്ഷ വരെ കിട്ടാവുന്ന കുറ്റമെന്ന് ചെന്താമരയോട് സൂചിപ്പിച്ച കോടതിയോട് തന്നെ വേണമെങ്കിൽ തൂക്കിക്കൊന്നോളൂ എന്നായിരുന്നു ചെന്താമരയുടെ വെല്ലുവിളി.
ഇനിയും മറ്റുള്ളവരെ അപായപ്പെടുത്തുമോ എന്ന ചോദ്യത്തിന് വേണ്ടിവന്നാൽ കൊല്ലുമെന്നായിരുന്നു ചെന്താമരയുടെ മറുപടി. തനിക്കെതിരെ എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോളൂ, വേണമെങ്കിൽ തൂക്കിക്കൊന്നോളു എന്നും വെല്ലുവിളിച്ചു.
ഒരു ചെകിടത്ത് അടി കിട്ടിയാൽ മറ്റേ ചെകിടും കാണിച്ച് കൊടുക്കാൻ താൻ ഗാന്ധിജി അല്ലെന്ന് പറഞ്ഞ ചെന്താമര കോടതിയെ പരിഹസിക്കുകയും ചെയ്തു. എൻറെ അവസ്ഥ നിങ്ങൾക്ക് വരണം, അപ്പോൾ മനസിലാകുo. എനിക്ക് തടസ്സം നിൽക്കുന്നവരോടൊക്കെ ഇതായിരിക്കും രീതിയെന്നും ഭീതിപ്പെടുത്തുന്ന തരത്തിലായിരുന്നു പ്രതിയുടെ വെല്ലുവിളി.

