കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു.

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണസംഖ്യ നാലായി; കനത്ത മഴയ്ക്കിടയിലും തിരച്ചിൽ ഊർജ്ജിതം

മേപ്പാടി : കള്ളാടി ആനക്കാംപൊയിൽ–മേപ്പാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ തിരച്ചിലിന്റെ മൂന്നാം ദിവസം ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. മീനാക്ഷിപ്പാലത്തിന്റെ താഴെ വലതുഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് ദുരന്തസ്ഥലത്ത് ക്യാമ്പ് ചെയ്യുന്ന മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു.(Wayanad Kalladi Landslide Death Toll Rises To Four One More Body Recovered)

അപകടസ്ഥലത്തെ നാല് സോണുകളായി തിരിച്ചാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇതിൽ ഒന്നാമത്തെ സോണിൽ, മൺകൂനകൾക്കിടയിൽ പൈപ്പുകളും വാഹനങ്ങളുടെ അവശിഷ്ടങ്ങളും കുടുങ്ങിക്കിടന്ന ഭാഗത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. ഈ സോണിൽ ഇനിയും മൃതദേഹങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. അതുകൊണ്ട് തന്നെ ഒന്നും രണ്ടും സോണുകളിലും മീനാക്ഷിപ്പുഴയിലുമാണ് ഇന്ന് പ്രധാനമായും തിരച്ചിൽ കേന്ദ്രീകരിക്കുന്നത്. കാണാതായ മറ്റ് നാല് പേർക്കായി കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയും പുരോഗമിക്കുകയാണ്.

കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരിച്ചറിയാൻ പ്രയാസമുണ്ടെങ്കിൽ മാത്രം ഡി.എൻ.എ പരിശോധന നടത്തുമെന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ എംബാം ചെയ്ത് സ്വദേശങ്ങളിലേക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ സ്ഥലത്ത് തങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള പ്രത്യേക സമിതി ഇന്ന് രൂപീകരിക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഇന്ന് ദുരന്തബാധിത പ്രദേശമായ കള്ളാടി സന്ദർശിക്കും.