പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം; അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവെന്ന് ആരോപണം; അനസ്തേഷ്യ നൽകിയതിന് പിന്നാലെ രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ



കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്ക്‌ എത്തിച്ച രണ്ടുവയസുകാരന് അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയസ്തംഭനം സംഭവിച്ചുവെന്നാരോപിച്ച് കുടുംബം രംഗത്ത്. തുടർന്ന് കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും കുടുംബം പറയുന്നു. നിലവിൽ 3 ദിവസമായി കുട്ടി കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.

അനസ്തേഷ്യ നൽകുന്നതിനിടെയോ തുടർന്ന് നടത്തിയ ചികിത്സയിലോ പിഴവ് സംഭവിച്ചതാണ് കുട്ടിയുടെ ആരോഗ്യനില ഗുരുതരമാകാൻ കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു. നിലവിലുള്ള മെഡിക്കൽ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിച്ചാണ് ചികിത്സ നൽകിയതെന്നും, രോഗിയുടെ ആരോഗ്യനിലയിൽ ഉണ്ടായ സങ്കീർണത ചികിത്സാപ്പിഴവിന്റെ ഫലമാണെന്ന് പറയാനാകില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിനും തുടർനടപടികൾക്കും ശേഷമേ ചികിത്സാപ്പിഴവ് ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരികയുള്ളൂ.

സംഭവത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ വലിയ പ്രതിഷേധം പയ്യന്നൂരിൽ ഉണ്ടാവുമെന്നും പ്രവർത്തകർ പറഞ്ഞു.