കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ നിന്നും ബൈക്ക് യാത്രക്കാരനെ കൊളളയടിച്ചു പണവും മൊബൈല്‍ ഫോണും എടിഎം കാര്‍ഡുമായി രക്ഷപ്പെട കേസില്‍ അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡില്‍. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. കണ്ണൂര്‍താണ സ്വദേശിയായ സി. എച്ച്. താരിഖിന്റെ ബൈക്ക് തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും പണവും എടിഎം കാര്‍ഡും കൊള്ളയടിച്ച മൂന്നംഗ സംഘത്തെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് അതിസാഹസികമായി പിടികൂടിയത്. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ധീന്‍(43), മൊകേരി സ്വദേശി അനീസ്(44), കൂടാറിഞ്ഞി സ്വദേശി ബിനോയ്(42) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 30-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാറക്കണ്ടി ഭാഗത്തു നിന്നും ബൈക്കില്‍ യാത്ര ചെയ്തിരുന്ന താരിഖിനെ തടഞ്ഞ് വച്ച് പ്രതികള്‍ മൂര്‍ച്ചയേറിയ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയാണ് ഫോണും പണവും എടിഎം കാര്‍ഡും കൊള്ളയടിച്ചത്. കൂടാതെ എടിഎമ്മിന്റെയും യുപിഐയുടെയും പിന്‍ നമ്പറുകളും പ്രതികള്‍ കൈക്കലാക്കിയിരുന്നു.
മംഗ്‌ളുര് ഭാഗത്തേക്ക് കടന്ന പ്രതികള്‍ പാപ്പിനിശ്ശേരിയിലുള്ള എടിഎമ്മില്‍ കയറി മുഖമൂടി ധരിച്ച് പണം പിന്‍വലിക്കുകയും, മൊബൈല്‍ ഉപയോഗിച്ച് യുപിഐ പെയ്മെന്റുകള്‍ നടത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതിക തെളിവുകളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
മംഗ്‌ളൂര് ഭാഗത്തുനിന്ന് തിരിച്ചു വരുന്ന വഴിമധ്യേ രഹസ്യ വിവരം ലഭിച്ചത് അനുസരിച്ച് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ മാരായ ടി. എം. വിപിന്‍, വൈഷ്ണവ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ ബൈജു സിവില്‍ പോലീസ് ഓഫീസര്‍മാരായ കിരണ്‍, ലതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘം സിനിമാ സ്‌റ്റൈലിലാണ് പ്രതികളെ അതിസാഹസികമായി വലയിലാക്കിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിനു ശേഷമാണ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
