വാക്കുതര്‍ക്കത്തിനിടയില്‍ ഭാര്യ എറിഞ്ഞ മൊബൈല്‍ ഫോണ്‍ തലയില്‍ പതിച്ച യുവാവിന് ദാരുണാന്ത്യം

വാക്കുതര്‍ക്കത്തിനിടയില്‍ ഭാര്യ എറിഞ്ഞ മൊബൈല്‍ ഫോണ്‍ തലയില്‍ പതിച്ച യുവാവിന് ദാരുണാന്ത്യം



ഭുവനേശ്വര്‍: ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ഭാര്യ എറിഞ്ഞ മൊബൈല്‍ ഫോണ്‍ തലയില്‍ പതിച്ച് ചികിത്സയിലായിരുന്ന യുവാവ് മരണമടഞ്ഞു. വീട്ടിനുള്ളില്‍ നടന്ന വാക്കുതര്‍ക്കമാണ് അപ്രതീക്ഷിതമായി ദുരന്തത്തില്‍ കലാശിച്ചത്.ദമ്പതികള്‍ തമ്മില്‍ കടുത്ത വാക്കുതര്‍ക്കം നടക്കുന്നതിനിടെയാണ് ഭാര്യ ദേഷ്യത്തില്‍ മൊബൈല്‍ ഫോണ്‍ ഭര്‍ത്താവിന് നേരെ എറിഞ്ഞത്. ഫോണ്‍ ഇയാളുടെ തലയില്‍ ശക്തമായി പതിച്ചതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ യുവതി ഉടന്‍ സമീപത്തെ ആശുപത്രിയിത്തിച്ചു.

ചികിത്സയ്ക്ക് ശേഷം ആരോഗ്യനിലയില്‍ പുരോഗതി കണ്ടതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. എന്നാല്‍ വീട്ടിലെത്തിയതിന് പിന്നാലെ ഇദ്ദേഹത്തിന്റെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ ഇദ്ദേഹത്തെ വീണ്ടും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തലയിലേറ്റ പരിക്കാണോ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകൂ എന്ന് അധികൃതര്‍ അറിയിച്ചു. അന്വേഷണത്തിന്റെയും പോസ്റ്റുമോര്‍ട്ടം പരിശോധനയുടെയും അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തെത്തുടര്‍ന്ന് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമല്ല നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ദമ്പതികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അപ്രതീക്ഷിതമായി സംഭവിച്ചതാണോയെന്ന് ഉള്‍പ്പെടെയുള്ള എല്ലാ സാദ്ധ്യതകളും പരിശോധിച്ചുവരികയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റ് ശാസ്ത്രീയ തെളിവുകളും ലഭിച്ച ശേഷമാകും കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്ന് പൊലീസ് അറിയിച്ചു