മുംബൈ: ഗള്‍ഫ് രാജ്യങ്ങളും, ബ്രിട്ടനും അമേരിക്കയും ഉള്‍പ്പടെ വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നവര്‍ വിമാനത്തില്‍ കയറുന്നതിനു മുമ്പായി ഒരു നടപടിക്രമം കൂടി അധികമായി പൂര്‍ത്തിയാക്കേണ്ടതായി വരും. പൗരത്വമോ, ഏത് രാജ്യത്തു നിന്നാണ്, അല്ലെങ്കില്‍ ഏത് നഗരത്തില്‍ നിന്നാണ് നിങ്ങള്‍ യാത്ര ചെയ്യുന്നത് എന്നോ പരിഗണിക്കാതെ, വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ആരോഗ്യ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതായി വരും. ഇതിനായി എയര്‍ സുവിധ പോര്‍ട്ടല്‍ ഇപ്പോള്‍ എയര്‍ സുവിധ 2.0 ആയി പുനരാവിഷ്‌കരിച്ചിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇത് ബാധകമാണ്.
അതായത്, ഇനിമുതല്‍ നാട്ടില്‍ പോകുമ്പോഴെല്ലാം ഈ ഒരു പ്രക്രിയ പൂര്‍ത്തിയാക്കണം എന്നര്‍ത്ഥം. നിങ്ങള്‍ താമസിക്കുന്ന, അല്ലെങ്കില്‍ സന്ദര്‍ശിക്കുന്ന രാജ്യത്ത് പകര്‍ച്ചവ്യാധികളോ മറ്റ് മാരക രോഗങ്ങളുടെ വ്യാപനമോ ഇല്ലെങ്കില്‍ കൂടി ഇത് ചെയ്യേണ്ടതുണ്ട്. ഇതിനായ് അഞ്ച് ഘട്ടങ്ങളാണ് ഉള്ളത്. അതില്‍ ആദ്യപടി, നിങ്ങള്‍ പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പായി തന്നെ നിങ്ങളുടെ പാസ്സ്‌പോര്‍ട്ട്, വിമാനടിക്കറ്റ് വിവരങ്ങള്‍ മുതലായവ നിങ്ങളുടെ അടുത്തു തന്നെ തയ്യാറാക്കി വയ്ക്കുക എന്നതാണ്. ഈ പ്രക്രിയ ആരംഭിക്കാന്‍ പാസ്സ്‌പോര്‍ട്ട് നമ്പര്‍, ഫ്‌ലൈറ്റ് നമ്പര്‍, യാത്ര ചെയ്യുന്ന തീയ്യതി എന്നിവ ആവശ്യമാണ്.
പിന്നീട് എയര്‍സുവിധ ഡോട്ട് സിവില്‍ഏവിയേഷന്‍ ഡോട്ട് ഗവ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റ് തുറക്കുക. അതല്ലെങ്കില്‍ വിമാനക്കമ്പനിയോ, ചെക്ക് ഇന്‍ വിഭാഗമോ നല്‍കുന്ന ക്യു ആര്‍ കോഡ് ഉപയോഗിച്ചും വെബ്‌സൈറ്റ് തുറന്ന് അപേക്ഷാ ഫോമില്‍ എത്താന്‍ കഴിയും. പിന്നീട് ഫോമില്‍ നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. അതിനു ശേഷം നിങ്ങളുടെ ഫോണില്‍ വരുന്ന ഒ ടി പി ഉപയോഗിച്ച് വിവരങ്ങള്‍ സ്ഥിരീകരിക്കുക.
തൊട്ട് മുന്‍പത്തെ 21 ദിവസങ്ങളിലെ നിങ്ങളുടെ യാത്രാ പരിപാടി വ്യക്തമാക്കാന്‍ ആവശ്യപ്പെടും. ഡി ആര്‍ സി, ഉഗാണ്ട, സൗത്ത് സുഡാന്‍ തുടങ്ങി എബോള പോലുള്ള പകര്‍ച്ചവ്യാധികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യവും വെളിപ്പെടുത്തണം. എന്നാല്‍, കഴിഞ്ഞ 21 ദിവസങ്ങളില്‍, നിങ്ങള്‍ താമസിക്കുന്ന രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് നിങ്ങള്‍ പോയിട്ടില്ലെങ്കില്‍ 'നണ്‍ ഓഫ് ദി എബൗ' എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഈ ഘട്ടം എല്ലാ യാത്രക്കാരും പൂര്‍ത്തിയാക്കേണ്ടതുണ്ട്. രോഗവ്യാപനമുള്ള രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവോ ഇല്ലയോ എന്നത് അടിസ്ഥാനമാക്കാതെ എല്ലാവരും ഈ കോളം പൂരിപ്പിക്കേണ്ടതുണ്ട്.
ഈ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒരു കണ്‍ഫര്‍മേഷന്‍ നമ്പറും അറിയിപ്പും ഈമെയില്‍ വഴി ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്‌തോ, സ്‌ക്രീന്‍ഷോട്ട് എടുത്തോ സൂക്ഷിക്കുക. ഇന്ത്യയില്‍ വിമാനമിറങ്ങുമ്പോള്‍ ഇത് ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാണിക്കേണ്ടതായി വരും. വിമാനമിറങ്ങിയാല്‍ കൂടുതല്‍ ഫോമുകള്‍ പൂരിപ്പിച്ചു നല്‍കേണ്ടതോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള കടലാസ്സുപണികള്‍ പൂര്‍ത്തിയാക്കേണ്ടതോ ഇല്ല.,
ഏതാനും മിനിറ്റുകള്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ഒരു പ്രക്രിയയാണിത്. എത്രയും വേഗത്തില്‍, അതായത് ബോര്‍ഡിംഗിന് മുമ്പോ, വെബ് ചെക്ക് ഇന്‍ സമയത്തോ ചെയ്യുന്നതായിരിക്കും ഉത്തമം. ഇതിനായി അവസാന നിമിഷം വരെ കാത്തുനില്‍ക്കേണ്ടതില്ല. വിദേശ പൗരന്മാര്‍ ഇന്ത്യയില്‍ എത്തുമ്പോള്‍ ഫയല്‍ ചെയ്യേണ്ട ഇ അറൈവല്‍ കാര്‍ഡില്‍ നിന്നും വ്യത്യസ്തമാണിത്. അതിനുള്ള ബദല്‍ സംവിധാനമല്ല ഇതെന്ന് അറിയുക.
