മരണത്തില്‍ ദുരൂഹതയുണ്ടെന്നും അരുണ്‍ ഷെഹാനയെ കൊലപ്പെടുത്തിയതാണെന്നും കുടുംബവും നാട്ടുകാരും ശക്തമായി ആരോപിച്ചിരുന്നു.

അടൂരിലെ ഷെഹാനയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; നിഗമനം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍; ഇരുവരുടെയും ശരീരത്തില്‍ മുറിവുകളേറ്റത് പരസ്പരം ആക്രമിച്ചതിലൂടെ ഉണ്ടായതെന്ന് കണ്ടെത്തല്‍; ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയേക്കും; ഷാള്‍ കഴുത്തില്‍ കുരുക്കി സ്റ്റെയര്‍കേസിന്റെ പടിയില്‍ നിന്നും ഷെഹാന ചാടിയതു കൊണ്ട് രക്ഷിക്കാനായില്ലെന്ന് അരുണിന്റെ മൊഴി


അടൂര്‍: അടൂര്‍ കോട്ടമുകളിലെ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റുമോര്‍ട്ടം പരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്. അടൂര്‍ കണ്ണങ്കോട് കോട്ടമുകള്‍ ഷിനാസ് മന്‍സിലില്‍ ഷെഹാന (31) യെയാണ് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ വീട്ടിലെ സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിക്കൊപ്പമുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആണ്‍സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും അരുണ്‍ ഷെഹാനയെ കൊലപ്പെടുത്തിയതാണെന്നും കുടുംബവും നാട്ടുകാരും ശക്തമായി ആരോപിച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് വീട്ടില്‍ നിന്ന് വലിയ രീതിയിലുള്ള ബഹളവും തര്‍ക്കവും കേട്ടിരുന്നതായി അയല്‍വാസികള്‍ മൊഴി നല്‍കിയിരുന്നു. ബഹളം കേട്ട് സംശയം തോന്നിയ നാട്ടുകാര്‍ നഗരസഭാ കൗണ്‍സിലറെ വിവരം അറിയിക്കുകയും കൗണ്‍സിലറെത്തി കതക് തുറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

കൗണ്‍സിലര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അരുണ്‍ വാതില്‍ തുറന്ന് അകത്തുകയറി നോക്കിയപ്പോഴാണ് ഷെഹാനയെ സ്റ്റെയര്‍കേസില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഈ സമയത്ത് അരുണിന്റെ മുഖത്തും ശരീരത്തിലും മാന്തിപ്പറിച്ചതിന്റെ ആഴത്തിലുള്ള മുറിവുകളും രക്തക്കറയും ഉണ്ടായിരുന്നു. കൂടാതെ വീടിന്റെ നിലത്തും കോണിപ്പടികളിലും രക്തപ്പാടുകള്‍ കണ്ടെത്തിയത് നാട്ടുകാരില്‍ വലിയ സംശയത്തിന് വഴിവെച്ചു. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന് കുടുംബവും നാട്ടുകാരും ആരോപിച്ചത്.

എന്നാല്‍ കസ്റ്റഡിയിലുള്ള അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. മരണത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ കടുത്ത വാക്കുതര്‍ക്കവും കൈയാങ്കളിയും നടന്നിരുന്നതായി അരുണ്‍ സമ്മതിച്ചു. പരസ്പരം ആക്രമിച്ചതിലൂടെയാണ് അരുണിന്റെ ശരീരത്തില്‍ മുറിവുകളേറ്റതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍.

ഷാള്‍ കഴുത്തില്‍ കുരുക്കി സ്റ്റെയര്‍കേസിന്റെ പടിയില്‍ നിന്ന് ഷെഹാന പെട്ടെന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും, തടയാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നുമാണ് അരുണ്‍ പോലീസിന് നല്‍കിയ മൊഴി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങളാണ് ഉള്ളത്. ഇരുവരും തമ്മിലുണ്ടായ കടുത്ത വഴക്കാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന നിഗമനത്തില്‍ അരുണിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താനാണ് പോലീസിന്റെ നീക്കം.

ഏഴംകുളം കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറാണ് അരുണ്‍. ഒരു സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് മരിച്ച ഷെഹന. താനുമായി അടിയുണ്ടായതിന് പിന്നാലെ ഷെഹന ജീവനൊടുക്കിയെന്നാണ് അരുണിന്റെ മൊഴി. താന്‍ മുഖത്തടിച്ചെന്നാണ് യുവാവ് നല്‍കിയിരിക്കുന്ന മൊഴി.

വീട്ടില്‍ നിന്ന് ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഷഹനയെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ശരീരത്തില്‍ നിന്ന് ചോരയൊലിക്കുന്ന നിലയിലായിരുന്നു സുഹൃത്ത് അരുണ്‍ ഉണ്ടായിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വീട്ടിലെ നിലത്തും കോണിപ്പടികളിലും രക്തമുണ്ടായിരുന്നു. ഇതോടെയാണ് ഷെഹനയുടെ മരണം കൊലപാതകമാണോയെന്ന സംശയം ഉയര്‍ന്നത്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ് ഷെഹന. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവര്‍. വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ഷെഹനയുടെ വിവാഹത്തിന് മുമ്പ് അരുണുമായി അടുപ്പമുണ്ടായിരുന്നു. പിന്നീട് യുവതി മറ്റൊരാളെ വിവാഹം കഴിച്ചു പോയി. ഈ വിവാഹത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതോടെയാണ് യുവതി വീട്ടിലെക്ക് തിരികെ വന്നത്. വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കയായിരുന്നു. ഇതിനിടെ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി അരുണുമായി വീണ്ടും അടുക്കുകയായിരുന്നു. ഇതിനിടെ അരുണിന്റെ ബന്ധങ്ങളില്‍ സംശയം തോന്നിയ യുവതിയുമായി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു എന്നാണ് യുവാവിന്റെ മൊഴില്‍ നിന്നുള്ള സൂചന. സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആരംഭിച്ചതായി അടൂര്‍ ഡി വൈ എസ് പി വി.എസ്. പ്രദീപ് കുമാര്‍ വ്യക്തമാക്കി. നിലവില്‍ യുവാവിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അന്വേഷണം നടത്താനാണ് പോലീസിന്റെ ശ്രമം.