മഴക്കെടുതിയിൽ മരിച്ചത് 11 പേർ, രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി


മഴക്കെടുതിയിൽ മരിച്ചത് 11 പേർ, രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ 11 പേർ മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നുവെന്ന് റവന്യു വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ വിശദമാക്കി. 273 ക്യാമ്പുകളിലായുള്ളത് 7674 പേരാണ്. വീടു തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായം സമയബന്ധിതമായി തന്നെ നൽകുമെന്നും റവന്യൂ വകുപ്പ് മന്ത്രി വ്യക്തമാക്കി. എല്ലാ ജില്ലാകലക്ടർമാരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. എം.പി,എം.എൽ. എമാരുമായും ആലോചിച്ച് ക്യാമ്പുകളിലടക്കം ആവശ്യമുള്ള ക്രമീകരണങ്ങളിൽ മാറ്റം വരുത്തുന്നുണ്ട്. ഇന്ന് വൈകിട്ട് വരെ സംസ്ഥാനത്ത് 273 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.7674 പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്. പത്തനംതിട്ട 75, ആലപ്പുഴ 14, കോട്ടയം64, ഇടുക്കി 13, എറണാകുളം7, തൃശൂർ 6, കോഴിക്കോട് 36, വയനാട് 28, കണ്ണൂർ 18, കാസർകോഡ് 6 , മലപ്പുറം 6 എന്നിങ്ങനെയാണ് ജില്ലാഅടിസ്ഥാനത്തിൽ തുറന്ന ക്യാമ്പുകളുടെ എണ്ണം. ക്യാമ്പുകളിൽ ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം, ശുചിത്വ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം 2, കോട്ടയം 2, ഇടുക്കി2, മലപ്പുറം 4, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിൽ മരിച്ചവരുടെ എണ്ണം. മഴ മാറുന്നതോടെ ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ഇതിനായി ജില്ലാ കളക്ടർമാർക്ക് പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരും ചേർന്ന് വെള്ളത്തിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങൾ അടക്കം നീക്കംചെയ്യും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഒരേ സമയം നടക്കുമെന്നും മന്ത്രി പറഞ്ഞു.കാലവർഷക്കെടുതിയിൽ ഇതുവരെ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കൊല്ലം1, ആലപ്പുഴ2, കോട്ടയം 3, ഇടുക്കി 14, എറണാകുളം1, തൃശൂർ 1, പാലക്കാട്1, മലപ്പുറം 4, കോഴിക്കോട് 2, കണ്ണൂർ 1 എന്നിങ്ങനെയാണ് ജില്ലാഅടിസ്ഥാനത്തിൽ പൂർണമായും തകർന്ന വീടുകളുടെ എണ്ണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കുള്ള സർക്കാർ ധനസഹായവും വീട് തകർന്നവർക്കും നാശനഷ്ടം സംഭവിച്ചവർക്കുമുള്ള ധനസഹായവും സമയബന്ധിതമായി നൽകും.വില്ലേജ് ഓഫീസർമാർ നൽകുന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആദ്യഗഡു ധനസഹായം ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തിക്കും. മൽസ്യത്തൊഴിലാളി മേഖലയിലും എല്ലാ ആനുകൂല്യങ്ങളും നൽകും. എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പോലീസ് എന്നിവരുടെ ഏകോപനത്തോടെ രക്ഷാപ്രവർത്തനം തുടരുകയാണ്. പത്തനംതിട്ടജില്ലയിൽ ഉണ്ടായ മഴ ഊഹിക്കാൻ പോലും കഴിയാത്ത രീതിയിലായിരുന്നെന്നും മന്ത്രി പറഞ്ഞു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സഹായത്തിനും പരാതികൾക്കും 24x7 പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടാമെന്ന് മന്ത്രി വിശദമാക്കി