മരട് തട്ടിക്കൊണ്ടുപോകൽ കേസിൽ നിർണ്ണായക വഴിത്തിരിവ്: ഇരിട്ടി സ്വദേശി അടക്കം വൻ ലഹരിസംഘത്തെ തകർത്ത് കൊച്ചി സിറ്റി പോലീസ്

മരട് തട്ടിക്കൊണ്ടുപോകൽ കേസിൽ നിർണ്ണായക വഴിത്തിരിവ്:  വൻ ലഹരിസംഘത്തെ തകർത്ത് കൊച്ചി സിറ്റി പോലീസ് 

കൊച്ചി: സിനിമകളെപ്പോലും വെല്ലുന്ന അത്യുഗ്രന്‍ സസ്പെന്‍സുകളും ട്വിസ്റ്റുകളുമായി മരട് ഫോറം മാളിന് മുന്നിലെ തട്ടിക്കൊണ്ടുപോകല്‍ കേസ്! പണം കിട്ടാനായി പാവം യുവാവിനെ മാഫിയ തട്ടിക്കൊണ്ടുപോയി എന്ന രീതിയില്‍ തുടങ്ങിയ കേസ്, അന്വേഷണം പുരോഗമിച്ചതോടെ എത്തിനില്‍ക്കുന്നത് കൊച്ചി നഗരത്തെ ഒന്നാകെ വിറപ്പിക്കുന്ന വന്‍ ലഹരിമരുന്ന് ശൃംഖലയുടെ വേരുകളിലാണ്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം കൂട്ടാളിയെ തട്ടിക്കൊണ്ടുപോയ ഗുണ്ടാ-ലഹരി സംഘത്തിലെ പ്രധാനികളെ ഒന്നൊന്നായി കൊച്ചി സിറ്റി പോലീസ് വലയിലാക്കിയിരിക്കുകയാണ്.


സംഭവം നടന്നത് ജൂലൈ 29-ന് രാത്രി 9.50-ഓടെയാണ്. ഫോറം മാളിന് മുന്നിലൂടെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, പാഞ്ഞെത്തിയ മാരുതി സ്വിഫ്റ്റ് കാറിലെത്തിയ അക്രമിസംഘം റോഡില്‍ വെച്ച് ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. യുവാവിന്റെ സ്‌കൂട്ടര്‍ അക്രമികളില്‍ ഒരാള്‍ തട്ടിയെടുത്തു പാഞ്ഞു. നഗരമധ്യത്തില്‍ പരസ്യമായി നടന്ന ഈ ക്രൂരത കണ്ട് ഭയന്നുവിറച്ച ഒരു ഫുഡ് ഡെലിവറി ജീവനക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. പരാതിക്കാരാരും മുന്നോട്ടുവരാതിരുന്ന ആ നിര്‍ണായക നിമിഷത്തില്‍, ഡെലിവറി ബോയിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


തൊട്ടുപിന്നാലെ കൊച്ചി സിറ്റി പോലീസ് കമീഷണറുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രദേശത്തെ ഡസന്‍ കണക്കിന് സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച പോലീസ് അക്രമികള്‍ ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു. ഈ വാഹനം ലഹരിക്കേസുകളില്‍ സ്ഥിരം പ്രതിയായ പാലക്കാട് അലനല്ലൂര്‍ സ്വദേശി വി.പി. ഷഹനാസിന്റേതാണെന്ന് (29) കണ്ടെത്തലോടെയാണ് കേസിന് പുതിയ ദിശ ലഭിച്ചത്. തുടര്‍ന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട പേരു കേട്ട ക്രിമിനല്‍ തോപ്പുംപടി സ്വദേശി ഫ്രാന്‍സിസ് സേവ്യര്‍, കണ്ണൂര്‍ ഇരിട്ടി സ്വദേശി അനൂപ് എന്നിവരുടെ സജീവ പങ്കാളിത്തവും പോലീസിന് വ്യക്തമായി.


പോലീസിനെ പോലും ഞെട്ടിച്ച ആ ക്ലൈമാക്‌സ് ട്വിസ്റ്റ്!


ലഹരിസംഘങ്ങളെ പൂട്ടാന്‍ ഡാന്‍സാഫ് സംഘം വെണ്ണലയില്‍ നടത്തിയ റെയ്ഡില്‍ 4.48 ഗ്രാം എം.ഡി.എം.എയുമായി ബിനു മോഹനന്‍, പാര്‍വ്വതി, സാന്ദ്രാഞ്ജലി, റിജോയ് ബിക്‌സണ്‍ ഫ്രാന്‍സിസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം പോലീസ് തിരിച്ചറിഞ്ഞത്! തട്ടിക്കൊണ്ടുപോകപ്പെട്ട 'ഇര' താന്‍ തന്നെയാണെന്ന് പ്രതികളിലൊരാളായ റിജോയ് പോലീസിനോട് സമ്മതിക്കുകയായിരുന്നു.


ഷഹനാസിന്റെ സംഘത്തില്‍ നിന്നും വിറ്റഴിക്കാന്‍ വാങ്ങിയ കോടികളുടെ ലഹരിമരുന്നിന്റെ പണം തിരികെ നല്‍കുന്നതുമായി ബന്ധപ്പെട്ട കുടിശ്ശിക തര്‍ക്കമാണ് നാടകീയമായ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചതെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മയക്കുമരുന്ന് മാഫിയയിലെ ചേരിപ്പോരിന്റെ പശ്ചാത്തലത്തില്‍ പാലാരിവട്ടം പോലീസ് എന്‍.ഡി.പി.എസ് ആക്ട് പ്രകാരം പ്രത്യേക കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


സമാന്തരമായി അന്വേഷണം വ്യാപിപ്പിച്ച പോലീസ് തട്ടിക്കൊണ്ടുപോകലില്‍ നേരിട്ട് പങ്കാളിയായ മുണ്ടംവേലി സ്വദേശി സ്മിജില്‍ ആന്റണിയെ (25) 0.1 ഗ്രാം എം.ഡി.എം.എയുമായി കണ്ണമാലിയില്‍ നിന്നും പൊക്കി. ഷഹനാസിന്റെ മറ്റൊരു വലംകയ്യായ ബോള്‍ഗാട്ടി സ്വദേശി നിഖില്‍ കെന്റിനെ മുളവുകാട് പോലീസ് 1.95 ഗ്രാം എം.ഡി.എം.എയുമായി പിടികൂടി. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത ആറോളം കേസുകള്‍ സംയോജിപ്പിച്ചാണ് നിലവില്‍ കൊച്ചി സിറ്റി പോലീസ് അന്വേഷണം നടത്തുന്നത്. ലഹരി മാഫിയയുടെ കൂടുതല്‍ വന്‍തോക്കുകള്‍ വരുംദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.