പാകിസ്ഥാനിൽ സമാധാന റാലി നടക്കുന്നതിനിടെ ചാവേറാക്രമണം; 13 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


പാകിസ്ഥാനിൽ സമാധാന റാലി നടക്കുന്നതിനിടെ ചാവേറാക്രമണം; 13 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്


ഇസ്ലാമാബാദ്: വടക്കൻ പാകിസ്ഥാനിൽ പൊലീസ് സ്റ്റേഷന് പുറത്തുണ്ടായ ചാവേറാക്രമണത്തിൽ നിരവധി മരണം. 13 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വാറ്റ് ജില്ലയിലുള്ള കബാൽ പൊലീസ് സ്റ്റേഷന് പുറത്താണ് ആക്രമണം ഉണ്ടായത്. അക്രമിയെ പൊലീസുകാർ തടയാൻ ശ്രമിച്ചപ്പോഴാണ് ആക്രമണം നടത്തിയതെന്ന് ജില്ലാ പൊലീസ് ഓഫീസർ ഡോൺ ന്യൂസിനോട് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ മേഖലയുടെ നിയന്ത്രണം ഏറ്റെടുത്ത സുരക്ഷാസേന അന്വേഷണം ആരംഭിച്ചു.ഞായറാഴ്ച ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ആണ് സംഭവം. സ്വാറ്റ് താഴ്‍വരയിൽ ഭീകരപ്രവ‍ർത്തനങ്ങൾ വർധിക്കുന്നതിനെതിരെ കബാൽ ചൗക്കിന് സമീപം നൂറുണകണക്കിന് ആളുകൾ പ്രതിഷേധിക്കുമ്പോഴാണ് പൊലീസ് സ്റ്റേഷന് അടുത്ത് സ്ഫോടനം ഉണ്ടായത്. പൊലീസ് ഉദ്യോ​ഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് വിവരം. സ്ഫോനടത്തിൽ പരിക്കേറ്റവരെ സെയ്ദു ഷരീഫ് ടീച്ചിങ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്