വടക്കന്‍ നേപ്പാളിനെയും ടിബറ്റന്‍ അതിര്‍ത്തി പ്രദേശങ്ങളെയും വിറപ്പിച്ച് ഭോട്ടെ കോസി നദിയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ഞെട്ടി വിറച്ച് ലോകം; മരണം 157; കൈലാസ തീര്‍ഥാടകരുമടക്കം 700-ഓളം വിദേശികളെ കാണാനില്ല: 140ഓളം ഇന്ത്യാക്കാരെ കുറിച്ചും വിവരമില്ല; ഭീതി വിതച്ച് കോസി നദിയിലെ മിന്നല്‍ പ്രളയം, ഇരച്ചെത്തി മരണപ്പാച്ചില്‍: നടുക്കം മാറാതെ ഹിമാലയന്‍ താഴ്വര; നേപ്പാളിലേത് മഹാദുരന്തം

വടക്കന്‍ നേപ്പാളിനെയും ടിബറ്റന്‍ അതിര്‍ത്തി പ്രദേശങ്ങളെയും വിറപ്പിച്ച് ഭോട്ടെ കോസി നദിയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ഞെട്ടി വിറച്ച് ലോകം; മരണം 157; കൈലാസ തീര്‍ഥാടകരുമടക്കം 700-ഓളം വിദേശികളെ കാണാനില്ല: 140ഓളം ഇന്ത്യാക്കാരെ കുറിച്ചും വിവരമില്ല; ഭീതി വിതച്ച് കോസി നദിയിലെ മിന്നല്‍ പ്രളയം, ഇരച്ചെത്തി മരണപ്പാച്ചില്‍: നടുക്കം മാറാതെ ഹിമാലയന്‍ താഴ്വര; നേപ്പാളിലേത് മഹാദുരന്തം


കാഠ്മണ്ഡു: വടക്കന്‍ നേപ്പാളിനെയും ടിബറ്റന്‍ അതിര്‍ത്തി പ്രദേശങ്ങളെയും വിറപ്പിച്ച് ഭോട്ടെ കോസി നദിയിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ ഞെട്ടി വിറച്ച് ലോകം. അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തിലും ഭീതിജനകമായ മലവെള്ളപ്പാച്ചിലിലും പെട്ട് മരിച്ചവരുടെ എണ്ണം 157 ആയി ഉയര്‍ന്നു. കാണാതായ 700-ലധികം വിദേശ വിനോദസഞ്ചാരികള്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ രാപ്പകലില്ലാതെ തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും കുതിച്ചുയര്‍ന്നേക്കുമെന്നാണ് ദുരന്തഭൂമിയില്‍ നിന്നുള്ള അടിയന്തര റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹാദുരന്തത്തില്‍ കാണാതായവരില്‍ കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിനെത്തിയ 143-ഓളം ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്ന വിവര പുറത്തുവന്നതോടെ രാജ്യം വലിയ ആശങ്കയിലാണ്. പ്രവാസി ഇന്ത്യക്കാരും തീര്‍ഥാടകരും അടങ്ങുന്ന സംഘമാണ് അപകട മേഖലയില്‍ കുടുങ്ങിയിരിക്കുന്നത്. യു.എസ്, യുകെ, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിനോദസഞ്ചാരികളെക്കുറിച്ചും നിലവില്‍ യാതൊരു വിവരവുമില്ല.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഹിമാലയന്‍ താഴ്വരകളെ നിശ്ചലമാക്കിയ ജലപ്രവാഹമുണ്ടായത്. തുടക്കത്തില്‍ അതിശക്തമായ ഭൂകമ്പമാണ് പ്രളയത്തിന് കാരണമായതെന്ന് കരുതിയെങ്കിലും, മലമുകളിലുണ്ടായ ഭീമന്‍ മണ്ണിടിച്ചിലും ഹിമപാളികള്‍ പൊട്ടി വീണതുമാണ് ഭോട്ടെ കോസി നദിയിലൂടെ പ്രളയജലമായി ഇരച്ചെത്തിയതെന്ന് ഭൂവിജ്ഞാന വിദഗ്ധര്‍ സ്ഥിരീകരിച്ചു. ചൈനയിലെ ടിബറ്റ് അതിര്‍ത്തിയായ ഗൈരോങ് മുതല്‍ നേപ്പാളിലെ റസുവ, ധാഡിങ്, നുവാകോട്ട് ജില്ലകള്‍ വരെ പ്രളയം സങ്കല്പിക്കാനാവാത്ത നാശനഷ്ട വിതച്ചു.

വെള്ളത്തിന്റെ അതിശക്തമായ കുത്തൊഴുക്കില്‍ നദീതീരങ്ങളിലുണ്ടായിരുന്ന കെട്ടിടങ്ങളും വലിയ കോണ്‍ക്രീറ്റ് പാലങ്ങളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണു. റസുവയില്‍ നാലുനില കെട്ടിടം സെക്കന്‍ഡുകള്‍ക്കുള്ളില്‍ നദിയിലേക്ക് ഒലിച്ചുപോകുന്നതിന്റെയും, ആളുകള്‍ ജീവരക്ഷാര്‍ഥം ഭയന്നോടുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പല ഉള്‍നാടന്‍ ഗ്രാമങ്ങളും ഭൂപാടത്തില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു.

കാഠ്മണ്ഡുവിലെ ആശുപത്രികള്‍ക്ക് മുന്നില്‍ കാണാതായ ഉറ്റവരെ തിരഞ്ഞ് ആയിരക്കണക്കിന് ബന്ധുക്കളാണ് വിങ്ങിപ്പൊട്ടുന്നത്. ദുരന്തമേഖലയില്‍ കുടുങ്ങിയവരെ സൈനിക ഹെലികോപ്റ്ററുകളിലാണ് കാഠ്മണ്ഡുവിലേക്ക് മാറ്റുന്നത്. സ്വന്തം കുടുംബം കണ്‍മുന്നില്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്നത് കാണേണ്ടി വന്ന നിരവധി പേരുടെ അനുഭവങ്ങള്‍ ഹിമാലയന്‍ മലനിരകളെപ്പോലും കണ്ണീരണിയിക്കുകയാണ്.

ദുരന്തം ഏറ്റവും മാരകമായി ബാധിച്ച റസുവ, ധാഡിങ് പ്രദേശങ്ങളില്‍ വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പൂര്‍ണ്ണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. റോഡുകള്‍ കല്ലും ചെളിയും മൂടിയത് കരമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനത്തെ കഠിനമാക്കുന്നു. നേപ്പാള്‍ പോലീസും സൈന്യവും ദുരന്തനിവാരണ സേനയും സംയുക്തമായാണ് ചെളിയിലും അവശിഷ്ടങ്ങള്‍ക്കിടയിലും പെട്ടുപോയവര്‍ക്കായി രാത്രിയിലും തിരച്ചില്‍ നടത്തുന്നത്. നേപ്പാളില്‍ വിദേശ സഞ്ചാരികളെ നയിച്ചിരുന്ന പ്രദേശിക വഴികാട്ടികളെയും കാണാതായതോടെ ടൂര്‍ ഓപ്പറേറ്റര്‍മാരും കുടുംബങ്ങളും വലിയ ആശയക്കുഴപ്പത്തിലാണ്. ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ലണ്ടന്‍, കാഠ്മണ്ഡു എംബസികള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രദേശത്ത് തുടരുന്ന കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. വ്യോമമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം പലപ്പോഴും കാറ്റും മഞ്ഞും കാരണം തടസ്സപ്പെടുകയാണ്. തുടര്‍ മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വരും മണിക്കൂറുകള്‍ നേപ്പാളിന് ഏറെ നിര്‍ണായകമാണ്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി ലഭ്യമായിട്ടില്ല. പല റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പ്രളയത്തില്‍ പെട്ടുപോയിട്ടുണ്ടെന്നാണ് വിവരം. അതിനാല്‍ തന്നെ വരും മണിക്കൂറുകളില്‍ ദുരന്തത്തിന്റെ യഥാര്‍ഥ ആഘാതം പുറത്തുവരുമ്പോള്‍ മരണസംഖ്യയും കാണാതായവരുടെ എണ്ണവും ഇനിയും കുതിച്ചുയരുമെന്ന ഭീതിയിലാണ് അധികൃതര്‍.

അതിര്‍ത്തി മേഖലകളിലെ പ്രളയ ഭീഷണി ഒഴിയാത്ത സാഹചര്യത്തില്‍ നദീതീരങ്ങളിലേക്ക് ആളുകള്‍ ഇറങ്ങുന്നത് പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്. ബിഹാര്‍, ഉത്തര്‍പ്രദേശ് അതിര്‍ത്തികളിലെ സുരക്ഷാ ഉദ്യോഗസ്ഥരോടും 24 മണിക്കൂറും നിരീക്ഷണം തുടരാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.

ചൈനയിലും കനത്ത നാശനഷ്ടം

നേപ്പാളിന് പുറമെ അതിര്‍ത്തിക്ക് അപ്പുറമുള്ള ടിബറ്റിലും പ്രളയം വന്‍ നാശനഷ്ടമുണ്ടാക്കി. ടിബറ്റന്‍ മേഖലയില്‍ മൂന്നുപേര്‍ മരിച്ചതായും 265-ഓളം പേരെ കാണാതായതായും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഗൈരോങ് അതിര്‍ത്തിയിലെ ഇമിഗ്രേഷന്‍ ഓഫീസിലേക്ക് വന്‍ ജലമതില്‍ ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാജ്യം കടുത്ത ആഘാതത്തിലാണെന്നും ദുരന്തബാധിതരെ സഹായിക്കാന്‍ മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും നേപ്പാള്‍ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ അറിയിച്ചു. ദുരന്തത്തില്‍ അന്താരാഷ്ട്ര സമൂഹം കടുത്ത ആശങ്ക രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറസ് ദുരന്തത്തില്‍ അനുശോചിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

അയല്‍രാജ്യത്തെ മഹാദുരന്തത്തില്‍ പങ്കുചേര്‍ന്ന ഇന്ത്യ ഉടന്‍ തന്നെ വന്‍ അടിയന്തര സഹായം നേപ്പാളിലെത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 10 ടണ്‍ ദുരന്തനിവാരണ സാമഗ്രികളും അടിയന്തര മരുന്നുകളും കാഠ്മണ്ഡുവിലെത്തിച്ചു. ഭാരതത്തിന്റെ അടിയന്തര ഇടപെടലിന് നേപ്പാള്‍ പ്രധാനമന്ത്രി നന്ദി അറിയിച്ചു.

ഗണ്ഡക് തീരത്ത് കടുത്ത ജാഗ്രത; ബിഹാറിലും ഉത്തര്‍പ്രദേശിലും ഭീതി

നേപ്പാളിലെ പ്രളയജലം കോസി, തൃശൂലി നദികളിലൂടെ താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തി സംസ്ഥാനങ്ങളായ ബിഹാറിലും ഉത്തര്‍പ്രദേശിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ബിഹാറിലെ ഗണ്ഡക് നദീതിരത്തുള്ള ഗ്രാമങ്ങളില്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലാ ഭരണകൂടം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ബിഹാറിലെ പശ്ചിമ ചമ്പാരന്‍, മുസാഫര്‍പൂര്‍ ജില്ലകളിലായി 9 എന്‍.ഡി.ആര്‍.എഫ് സംഘങ്ങളെ വിന്യസിച്ചു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം മഹാരാജ്ഗഞ്ച്, കുശിനഗര്‍ അതിര്‍ത്തി ജില്ലകളിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കടുത്ത ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.