ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി; പുറത്തുവന്ന കുടലിന്റെ ഭാഗങ്ങൾ ബാഗിലേക്ക് മാറ്റുന്നതിനിടെ അയൽവാസി കണ്ടു; പിന്നാലെ വീടിന്റെ ടെറസിൽ നിന്നും ചാടി; യുവാവിന്റെ കരളും വൃക്കയും കാണാനില്ല; സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തത് മൂന്ന് കത്തികൾ

ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി; പുറത്തുവന്ന കുടലിന്റെ ഭാഗങ്ങൾ ബാഗിലേക്ക് മാറ്റുന്നതിനിടെ അയൽവാസി കണ്ടു; പിന്നാലെ വീടിന്റെ ടെറസിൽ നിന്നും ചാടി; യുവാവിന്റെ കരളും വൃക്കയും കാണാനില്ല; സംഭവസ്ഥലത്ത് നിന്നും പൊലീസ് കണ്ടെടുത്തത് മൂന്ന് കത്തികൾ


കുരുക്ഷേത്ര: ഹരിയാനയിലെ കുരുക്ഷേത്രയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്ത സംഭവത്തിൽ കൂടുതൽ വിവവരങ്ങൾ പുറത്ത്. പെഹോവ റോഡിലെ രാജ് പാലസിനു സമീപം വാടകവീട്ടിൽ താമസിച്ചിരുന്ന രാജേഷ് ആണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ ഭാര്യ വിമലാ ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്.

ഉത്തർപ്രദേശിലെ സിതാപുർ ജില്ലയിലെ ധംപുർ ഗ്രാമത്തിൽ നിന്നുള്ള രാജേഷ്, ഒരു വർഷമായി ഭാര്യയ്ക്കൊപ്പം കുരുക്ഷേത്രയിലാണ് താമസിച്ച് വന്നിരുന്നത്. കുടിവെള്ള വിതരണ കമ്പനിയിലായിരുന്നു രാജേഷിന് ജോലി. ഏറെക്കാലമായി വിവാഹിതരായിരുന്ന ഇവർക്ക് മക്കളില്ലായിരുന്നു. ഞായറാഴ്ച വൈകിട്ട് വീടിന്റെ ടെറസിൽനിന്ന് നിലവിളി കേട്ട് ഓടിച്ചെന്നപ്പോഴാണ് കൊലപാതകം താൻ കണ്ടതെന്ന് വീട്ടുടമ പൊലീസിന് മൊഴി നൽകി.

വയറിൽ കുത്തേറ്റ് രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു രാജേഷ്. കുത്തേറ്റ രാജേഷിന്റെ കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന വിമലയെയാണ് താൻ കണ്ടതെന്നും, തന്നെ പെട്ടെന്ന് കണ്ടതോടെ പരിഭ്രാന്തയായ വിമല ടെറസിൽനിന്ന് താഴേക്ക് ചാടുകയായിരുന്നെന്നും വീട്ടുടമ വ്യക്തമാക്കി. പരുക്കേറ്റ ഇവരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജേഷിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. രാജേഷിന്റെ വയറിൽ 35 സെന്റീമീറ്റർ നീളത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേറ്റിട്ടുണ്ടെന്നും കുടൽ പൂർണ്ണമായും പുറത്തുവന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമേ രാജേഷിന്റെ കരളിന്റെ സിംഹഭാഗവും വലതു വൃക്കയും കാണാനില്ലെന്നും വ്യക്തമായിട്ടുണ്ട്. ശരീരത്തിലെ പ്രധാന അവയവങ്ങൾ കാണാതായതിനെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് വിവിധ വലിപ്പത്തിലുള്ള മൂന്ന് കത്തികളും പൊലീസിന് കണ്ടെടുക്കാൻ സാധിച്ചിട്ടുണ്ട്.