കണ്ണൂർ: കത്തെഴുതിവെച്ച് വീടുവിട്ടിറങ്ങിയ പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യയുടെ (17) തിരോധാനത്തിന് ഇരുപത് ദിവസം പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. കുട്ടി കേരളത്തിൽ തന്നെ ഉണ്ടാകാമെന്ന നിഗമനത്തിലാണ് നിലവിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
തലശ്ശേരി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംസ്ഥാനത്തിന് പുറത്തും വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി ഉത്തർപ്രദേശിലെ വാരാണസിയിലെത്തിയ പോലീസ് സംഘം അവിടത്തെ പൊലീസിന്റെ സഹായത്തോടെ അമ്പതോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.
കടകളും ബസ് സ്റ്റോപ്പുകളും കേന്ദ്രീകരിച്ച് ശിവസൂര്യയുടെ ചിത്രങ്ങൾ പതിച്ചും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കൂടാതെ പ്രദേശത്തെ മലയാളി സംഘടനകളുടെ സഹായവും തേടി. കുട്ടി വാരാണസിയിൽ എത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എങ്കിലും, രണ്ട് ദിവസം കൂടി അവിടെ തുടർന്ന് പരിശോധന നടത്താനാണ് തീരുമാനം.
ആഗസ്റ്റ് 8നാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിമിന് അടിമപ്പെടുകയും പണം നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് പിതാവ് മൊബൈൽ ഫോൺ വാങ്ങി
വച്ചതിലുള്ള മനോവിഷമത്തിലും ദേഷ്യത്തിലുമാണ് കുട്ടി നാടുവിട്ടത്. “ഞാൻ കാശിക്ക് പോകുന്നു, ഇനിമുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്നാണ് അവൻ കത്തെഴുതിവെച്ചിരുന്നത്.

