അമേരിക്കന്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രകൃതിയുടെ താണ്ഡവം! ഗ്രാന്‍ഡ് കാന്യനില്‍ മിന്നല്‍ പ്രളയം: 20 ഓളം സഞ്ചാരികളെ കാണാതായി; ഹെലികോപ്റ്ററുകളില്‍ 60 ലധികം പേരെ സാഹസികമായി എയര്‍ലിഫ്റ്റ് ചെയ്തു; പ്രളയത്തില്‍ വന്‍ നാശനഷ്ടം

അമേരിക്കന്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ പ്രകൃതിയുടെ താണ്ഡവം! ഗ്രാന്‍ഡ് കാന്യനില്‍ മിന്നല്‍ പ്രളയം: 20 ഓളം സഞ്ചാരികളെ കാണാതായി; ഹെലികോപ്റ്ററുകളില്‍ 60 ലധികം പേരെ സാഹസികമായി എയര്‍ലിഫ്റ്റ് ചെയ്തു; പ്രളയത്തില്‍ വന്‍ നാശനഷ്ടം


വാഷിങ്ടണ്‍: ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ അമേരിക്കയിലെ ഗ്രാന്‍ഡ് കാന്യന്‍ നാഷണല്‍ പാര്‍ക്കില്‍ പ്രകൃതിയുടെ രൗദ്രഭാവം. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഇരുപതോളം സഞ്ചാരികളെ കാണാതായതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ബ്രൈറ്റ് എയ്ഞ്ചല്‍ കാനിയന്‍, ഫാന്റം റാഞ്ച് പ്രദേശങ്ങളിലാണ് പ്രളയം വന്‍ നാശനഷ്ട വിതച്ചത്. പ്രളയത്തില്‍പ്പെട്ട് ഒറ്റപ്പെട്ടുപോയ 62-ലധികം ആളുകളെ ജീവന്‍ പണയം വെച്ചുള്ള വ്യോമസേനയുടേയും ദുരന്തനിവാരണ സേനയുടേയും ദൗത്യത്തിനൊടുവില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.


ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് മേഖലയെ നടുക്കിയ പ്രളയമുണ്ടാകുന്നത്. കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചല്‍ ക്രീക്കില്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ ബ്രൈറ്റ് എയ്ഞ്ചല്‍ ക്രീക്കിന് കുറുകെയുള്ള ഭൂരിഭാഗം കാല്‍നടപ്പാലങ്ങളും പൂര്‍ണ്ണമായും ത തകര്‍ന്നു തരിപ്പണമായി. പ്രളയത്തില്‍പ്പെട്ട് കൂറ്റന്‍ മരങ്ങളും വലിയ പാറക്കെട്ടുകളും അടിഞ്ഞുകൂടിയതോടെ കൊളറാഡോ നദിയിലെ ബോട്ടും റാഫ്റ്റിങ് വിനോദങ്ങളും അധികൃതര്‍ താല്‍ക്കാലികമായി പൂര്‍ണ്ണമായി നിരോധിച്ചു. നാഷണല്‍ പാര്‍ക്ക് സര്‍വീസും അരിസോണ പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് കോട്ടണ്‍വുഡ് ക്യാമ്പ് ഗ്രൗണ്ട്, ഫാന്റം റാഞ്ച് എന്നിവിടങ്ങളില്‍ കുടുങ്ങിയവരെ വ്യോമമാര്‍ഗ്ഗം രക്ഷപ്പെടുത്തിയത്.


ദുരന്തത്തെ തുടര്‍ന്ന് നോര്‍ത്ത് കൈബാബ് ട്രെയില്‍, ഫാന്റം റാഞ്ച് കോട്ടേജുകള്‍, ബ്രൈറ്റ് എയ്ഞ്ചല്‍ ക്യാമ്പ് ഗ്രൗണ്ട്, കൊളറാഡോ നദിക്ക് കുറുകെയുള്ള പ്രമുഖ പാലങ്ങള്‍ എന്നിവ പൂര്‍ണ്ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ഇനിയും ശക്തമായ മഴയ്ക്കും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ, കാണാതായ സഞ്ചാരികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ അടിയന്തരമായി അന്വേഷണ സംഘത്തെ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


അമേരിക്കയിലെ അരിസോണയില്‍ സ്ഥിതി ചെയ്യുന്ന ഗ്രാന്‍ഡ് കാന്യന്‍ ലോകത്തിലെ ഏഴ് പ്രകൃതിദത്ത അത്ഭുതങ്ങളില്‍ ഒന്നാണ്. അഗാധമായ ഗര്‍ത്തങ്ങളും മലയിടുക്കുകളും നിറഞ്ഞ ഇവിടേക്ക് പ്രതിവര്‍ഷം ലക്ഷക്കണക്കിന് സാഹസിക സഞ്ചാരികളാണ് എത്താറുള്ളത്.