തമിഴ്‌നാടിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു.

ഗർഭിണികളെ പരിചരിക്കാൻ പ്രേത്യക കേന്ദ്രങ്ങൾ; നവവധുവിന് സ്വർണവും പട്ടുസാരിയും സമ്മാനം; ഇലക്ട്രിക് വണ്ടികളുടെ തകരാർ പരിഹരിക്കാൻ പരിശീലന പദ്ധതി; സ്ത്രീ സുരക്ഷയ്ക്കും വമ്പൻ പ്രഖ്യാപനങ്ങൾ; വിദ്യാഭ്യാസത്തിന് പ്രധാന മുൻഗണന നൽകി വിജയ് സർക്കാരിന്‍റെ ആദ്യ ബജറ്റ്; മുന്നിൽ തെളിയുന്നത് കുട്ടികളുടെ നല്ല ഭാവി മാത്രം; ടിവികെ ഭരണത്തിൽ തമിഴ് മണ്ണ് ഇനി സേഫ്




ചെന്നൈ: തമിഴ്‌നാടിൻ്റെ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി മരിയ വിൽസൺ നിയമസഭയിൽ അവതരിപ്പിച്ചു. 2031-ഓടെ തമിഴ്‌നാടിനെ 1.5 ട്രില്യൺ ഡോളർ സാമ്പത്തിക വ്യവസ്ഥയാക്കി മാറ്റുക എന്ന ബൃഹത്തായ ലക്ഷ്യത്തോടെയുള്ള നിർണായക പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വിജയിയുടെ നേതൃത്വത്തിൽ തത്വധിഷ്ഠിതവും സുതാര്യവുമായ ഭരണമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ധനമന്ത്രി തൻ്റെ ബജറ്റ് പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനത്തിന് വൻ തുകയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനായി 44,527 കോടി രൂപയും ഉന്നതവിദ്യാഭ്യാസ വകുപ്പിന് 8,393 കോടി രൂപയും നീക്കിവെച്ചു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി 3,734 സർക്കാർ സ്കൂളുകൾ നവീകരിക്കാൻ 300 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനാന്തരീക്ഷവും ഡിജിറ്റൽ സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചു. 10,000 സ്കൂളുകളിൽ ശുചിത്വവും സുരക്ഷയും ഉറപ്പാക്കുന്ന 'സൂപ്പർ ക്ലീൻ, സൂപ്പർ ക്യാമ്പസ്' പദ്ധതിക്കായി 139 കോടി രൂപ അനുവദിച്ചു. കൂടാതെ കോളേജ് വിദ്യാർത്ഥികൾക്കായി ലാപ്ടോപ്പുകൾ നൽകുന്ന 'വെട്രി ലാപ്ടോപ്പ് പദ്ധതി'യും സൗജന്യ താമസവും പഠനവും നൽകുന്ന പെരുന്തലൈവർ കാമരാജർ മോഡൽ റെസിഡൻഷ്യൽ സ്കൂളുകൾക്കായി 125 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഉപരിപഠന മേഖലയിൽ കൂടുതൽ മുന്നേറ്റം ലക്ഷ്യമിട്ട് മധുരയിൽ പുതിയ സ്പെഷ്യൽ ലോ കോളേജും 90 കോടി രൂപ ചെലവിൽ 5 പുതിയ ഐ.ടി.ഐകളും ആരംഭിക്കും. ഇതോടൊപ്പം, പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മാർക്കിൻ്റെ അടിസ്ഥാനത്തിൽ തന്നെ മെഡിക്കൽ പ്രവേശനം തിരികെ കൊണ്ടുവരണമെന്ന് ധനമന്ത്രി കേന്ദ്ര സർക്കാരിനോട് ഔദ്യോഗികമായി ആവശ്യപ്പെടുകയും ചെയ്തു.

സംസ്ഥാനത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കുന്നതിനായി വരുമാന വർദ്ധനവിനുള്ള പുതിയ മാർഗ്ഗങ്ങളും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാന കടം ഇരട്ടിയായ പശ്ചാത്തലത്തിൽ മദ്യ ഉത്പാദന കേന്ദ്രങ്ങൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തി 1,000 കോടി രൂപയുടെ അധിക വരുമാനം കണ്ടെത്താനാണ് തീരുമാനം. അതിനോടൊപ്പം ടെൻഡർ നടപടികൾ കൂടുതൽ സുതാര്യമാക്കാനും സർക്കാർ നടപടികൾ സ്വീകരിക്കും.

ജനക്ഷേമ വാഗ്ദാനങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും സ്ത്രീകളുടെ സുരക്ഷയ്ക്കുള്ള ദ്രുത പ്രതികരണ സേനയും ഉൾപ്പെടെയുള്ള പ്രകടനപത്രികയിലെ ഉറപ്പുകൾ ഘട്ടങ്ങളായി നടപ്പിലാക്കുമെന്ന് ബജറ്റിൽ വ്യക്തമാക്കുന്നു. ഇലക്ട്രിക് വാഹന രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട്, ഇ.വി. തകരാറുകൾ പരിഹരിക്കാൻ 22,500 മെക്കാനിക്കുകൾക്ക് പരിശീലനം നൽകുന്ന പദ്ധതിക്കായി മൂന്ന് കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.

വനിതകൾക്കും ഗർഭിണികൾക്കുമായി ആകർഷകമായ ആനുകൂല്യങ്ങളാണ് ബജറ്റിലുള്ളത്. ഗർഭിണികൾക്കായി എല്ലാ ജില്ലകളിലും സൗജന്യ ഭക്ഷണവും വൈദ്യസഹായവും നൽകുന്ന പരിചരണകേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 23 കോടി രൂപ നീക്കിവെച്ചു. കൂടാതെ നവവധുക്കൾക്ക് സർക്കാരിൻ്റെ സമ്മാനമായി ഒരു പവൻ സ്വർണവും പട്ടുസാരിയും നൽകുന്ന പദ്ധതിക്കായി 812 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു.