ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസ്, 21കാരൻ അറസ്റ്റില്‍
തൃശൂര്‍ ഇരിങ്ങാലക്കുട സ്‌പെഷല്‍ സബ് ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസില്‍ കരുവന്നൂര്‍ പ്ലാക്കല്‍ വീട്ടില്‍ ഐവിന്‍ ആന്റണി (21) അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെ 2025ലെ വധശ്രമക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അഴിക്കോട് ഐവേലിക്കകത്ത് വീട്ടില്‍ മുഹമ്മദ് (28) ആണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ ആണ് സംഭവം. അകാരണമായി അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ഐവിന്‍ മുഹമ്മദിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തില്‍ മുഹമ്മദിന്റെ ഇടത് ഷോള്‍ഡറിന് ഗുരുതര പരിക്കേറ്റു. പ്രതിയായ ഐവിന്‍ ആന്റണിക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു. ഇരിങ്ങാലക്കുട, കൂരാച്ചുണ്ട് പോലീസ് സ്റ്റേഷന്‍ പരിധികളിലായി വീടുകയറി ആക്രമണം, സ്ത്രീക്ക് മാനഹാനി വരുത്തല്‍, അടിപിടി, മയക്കുമരുന്ന് ഉപയോഗം, പൊതുസ്ഥലത്തെ ലഹരി ഉപയോഗം തുടങ്ങിയ കേസുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.