ശ്രീലങ്കയിലെ വിവിധ ജയിലുകളിലുണ്ടായ കലാപങ്ങളില്‍ മൂന്ന് തടവുകാര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ജയിലുകള്‍ കത്തിച്ച് തടവുകാര്‍; ശ്രീലങ്കയില്‍ കൂട്ടക്കലാപം! മൂന്ന് തടവുകാര്‍ കൊല്ലപ്പെട്ടു, 23 പേര്‍ക്ക് ഗുരുതര പരിക്ക്; മേല്‍ക്കൂരയില്‍ കയറി പ്രതിഷേധം, കണ്ണീര്‍വാതകവും വെടിവെപ്പും; തടവറകളില്‍ പോലീസിനെയും കലാപ വിരുദ്ധ സേനയെയും ഇറക്കി സര്‍ക്കാര്‍


കൊളംബോ: ശ്രീലങ്കയിലെ വിവിധ ജയിലുകളിലുണ്ടായ കലാപങ്ങളില്‍ മൂന്ന് തടവുകാര്‍ കൊല്ലപ്പെടുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാജ്യത്തെ ജയിലുകളില്‍ പോലീസിനെയും കലാപവിരുദ്ധ സേനയെയും അടിയന്തരമായി വിന്യസിച്ചു.

തലസ്ഥാനമായ കൊളംബോയിലെ ന്യൂ മാഗസിന്‍ ജയിലില്‍ വ്യാഴാഴ്ച രാത്രി 40 തടവുകാര്‍ സെല്ലുകള്‍ തകര്‍ത്ത് പുറത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഒരു തടവുകാരന്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കൊളംബോയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള കുരുവിറ്റ ജയിലിലുണ്ടായ രണ്ടാമത്തെ കലാപത്തില്‍ രണ്ട് തടവുകാര്‍ കൂടി കൊല്ലപ്പെടുകയായിരുന്നു.

രണ്ട് സംഭവങ്ങളിലുമായി പരിക്കേറ്റ തടവുകാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും സ്‌പെഷ്യല്‍ ഫോഴ്‌സും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇരു ജയിലുകളിലെയും സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഇതിനിടെ, കൊളംബോയ്ക്ക് സമീപമുള്ള നെഗൊമ്പോ തീരദേശ നഗരത്തിലെ ഓപ്പണ്‍ ജയിലിലും തടവുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

മൂന്ന് ജയിലുകളിലും കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ കയറിയും തുറസ്സായ സ്ഥലങ്ങളില്‍ സംഘടിച്ചും പ്രതിഷേധിച്ച തടവുകാരെ കലാപ വിരുദ്ധ പോലീസ് ഇടപെട്ടാണ് സെല്ലുകളിലേക്ക് മാറ്റിയത്. മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയും ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ചേരിതിരിവുമാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് പൊതുസുരക്ഷാ മന്ത്രി ആനന്ദ വിജേപാല പാര്‍ലമെന്റില്‍ വ്യക്തമാക്കി. കലാപങ്ങള്‍ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണവും അട്ടിമറി ശ്രമവുമുണ്ടെന്നാണ് സംശയിക്കുന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീലങ്കന്‍ ജയിലുകളിലെ അമിത തിരക്കാണ് ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് പ്രധാന കാരണം. വെറും 10,000 പേരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയില്‍ സംവിധാനത്തില്‍ നിലവില്‍ 39,000-ത്തിലധികം തടവുകാരാണ് ഉള്ളത്. ഇതില്‍ വലിയൊരു ഭാഗം ആളുകളും മയക്കുമരുന്ന് കേസുകളില്‍ വിചാരണ കാത്തുകഴിയുന്നവരാണ്.

കോടതികളില്‍ ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നതും ജാമ്യവ്യവസ്ഥകള്‍ കര്‍ശനമാക്കിയതുമാണ് ജയിലുകളിലെ തിരക്ക് വര്‍ദ്ധിപ്പിച്ചത്. കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കി ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ സുപ്രീം കോടതി ജഡ്ജിമാരുടെ സേവനകാലാവധി നീട്ടുന്നതടക്കമുള്ള ഭരണഘടനാ ഭേദഗതികള്‍ക്ക് തയ്യാറെടുക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍.