’27 വർഷം മുൻപ് ആർഎസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞ ഇടതുകൈയിലെ പെരുവിരൽ ചിലർ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്’; വ്യാജചിത്രത്തിനെതിരെ നിയമനടപടിയുമായി പി. ജയരാജൻ


’27 വർഷം മുൻപ് ആർഎസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞ ഇടതുകൈയിലെ പെരുവിരൽ ചിലർ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്’; വ്യാജചിത്രത്തിനെതിരെ നിയമനടപടിയുമായി പി. ജയരാജൻ


തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി സിപിഐഎം നേതാവ് പി. ജയരാജൻ. ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പി. ജയരാജൻ ചേർത്തുപിടിച്ച് നിൽക്കുന്ന തരത്തിലുള്ള എഐ നിർമിത ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചാരണം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ആർഎസ്എസ് ആക്രമണത്തിൽ നഷ്ടപ്പെട്ട ഇടതുകൈയിലെ പെരുവിരൽ എഐ ഉപയോഗിച്ച് ചിത്രം നിർമിച്ചപ്പോൾ തിരികെ വന്നത് വ്യാജചിത്രം പ്രചരിപ്പിച്ചവർക്ക് സംഭവിച്ച അബദ്ധമാണെന്നും പി. ജയരാജൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ചൂണ്ടിക്കാട്ടി. 27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർഎസ്എസ് ക്രിമിനലുകള്‍ വെട്ടിയരിഞ്ഞതാണ് തന്റെ കൈയിലെ പെരുവിരലെന്നും ഇപ്പോൾ ചിലർ എഐ ‘സർജറി’യിലൂടെ നഷ്ടപ്പെട്ട വിരൽ ഉൾപ്പെടെ തിരികെ ചേർത്തു നൽകിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

വ്യാജപ്രചാരണത്തിന് ഉപയോഗിച്ച എഐ നിർമിത ചിത്രവും പി. ജയരാജൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഇത്തരം വ്യാജപ്രചാരണങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. ജയരാജൻ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ ‘ട്രിവാൻഡ്രം വൈബ്സ്’ ഉൾപ്പെടെയുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് വ്യക്തമാകുന്നു.

അർജുൻ ആയങ്കിയെ ക്രിമിനൽ സംഘങ്ങളുമായി ബന്ധിപ്പിച്ചത് പി. ജയരാജനാണെന്ന് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണം സിപിഐഎം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തനിക്കെതിരെ നടക്കുന്ന വ്യാജപ്രചാരണത്തിൽ പി. ജയരാജൻ നേരിട്ട് നിയമനടപടികളുമായി മുന്നോട്ടുപോകുന്നത്.