ജന്തർമന്തർ സീസൺ-2 ഉടനുണ്ടാകുമെന്ന് ദിപ്കെ; ഡൽഹിയിൽ ബിജെപി ഭീഷണി കാരണം യോ​ഗം നടത്താനുള്ള വേദി കിട്ടുന്നില്ലെന്നും ആരോപണം

ജന്തർമന്തർ സീസൺ-2 ഉടനുണ്ടാകുമെന്ന് ദിപ്കെ; ഡൽഹിയിൽ ബിജെപി ഭീഷണി കാരണം യോ​ഗം നടത്താനുള്ള വേദി കിട്ടുന്നില്ലെന്നും ആരോപണം


ന്യൂഡൽഹി: ജന്തർമന്തറിലെ പ്രക്ഷോഭങ്ങളുടെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെ. ജന്തർമന്തർ സീസൺ-2 എപ്പോൾ തുടങ്ങുമെന്ന് നിരവധിപേർ ഇൻസ്റ്റ​ഗ്രാം കമന്റുകളിലൂടെ ചോദിക്കുന്നുണ്ടെന്നും ജന്തർമന്തർ സീസൺ-2 ഉടൻ തന്നെ ആരംഭിക്കാൻ പോവുകയാണെന്നും അഭിജീത് ദിപ്കെ പറഞ്ഞു. അതേസമയം, എപ്പോഴാകും സമരം തുടങ്ങുകയെന്നും ഏത് വിഷയം ഉന്നയിച്ചാണ് ജന്തർമന്തറിൽ വീണ്ടും പ്രക്ഷോഭം ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കിയില്ല. സമരത്തിന്റെ രണ്ടാംഘട്ടം ഉടനുണ്ടാകുമെന്ന സൂചന മാത്രമാണ് നൽകിയത്.അതിനിടെ, ഡൽഹിയിൽ സിജെപി വോളണ്ടിയർമാരുടെ യോ​ഗം സംഘടിപ്പിക്കാൻ വലിയ പ്രയാസങ്ങൾ നേരിടുന്നതായും അഭിജീത് ദിപ്കെ ആരോപിച്ചു. പാർട്ടിയുടെ യോ​ഗം നടത്താൻ ഡൽഹിയിൽ ഒരു വേദി കിട്ടുന്നില്ല. പല ഹാളുകളുടെയും ഉടമകളെ ബന്ധപ്പെടുമ്പോൾ മുകളിൽനിന്നുള്ള സമ്മർദം കാരണം അവരൊന്നും ഹാൾ നൽകുന്നില്ല. ഒരു ഹാൾ കിട്ടിയപ്പോൾ യോ​ഗം നിശ്ചയിച്ച ദിവസം രാവിലെ അതിന്റെ ഉടമകൾ വിളിച്ച് തങ്ങൾക്ക് ഭീഷണിയുണ്ടെന്ന് പറ‍ഞ്ഞു. ഡൽഹി ഭരിക്കുന്ന ബിജെപിയാണ് ഇത്തരം ഭീഷണികൾക്ക് പിന്നിലെന്നും ബിജെപി രാജ്യത്തെ യുവജനങ്ങളെ ഭയക്കുന്നുവെന്നതിന്റെ തെളിവാണ് ഇത്തരം ഭീഷണികളെന്നും ദിപ്കെ ആരോപിച്ചു.</p><p>നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കം ചൂണ്ടിക്കാട്ടിയാണ് സിജെപി നേതൃത്വത്തിൽ ജന്തർമന്തറിൽ നേരത്തേ പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇത് വലിയ വിജയമായതോടെ യുവാക്കളെ ബാധിക്കുന്ന കൂടുതൽ വിഷയങ്ങളിൽ ഇടപെടാനാണ് സിജെപിയുടെ നീക്കം. കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ നടന്ന സ്കൂൾ വി​ദ്യാർഥികളുടെ സമരത്തിന് സിജെപി സ്ഥാപകനായ അഭിജീത് ദിപ്കെ പിന്തുണ പ്രഖ്യാപിച്ചിരുന്നു.