വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചു; നൃത്താധ്യാപികയായ 56കാരിയെ കഴുത്ത് ഞെരിച്ചു കൊന്നു: ആണ്‍സുഹൃത്ത് പിടിയില്‍

വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചു; നൃത്താധ്യാപികയായ 56കാരിയെ കഴുത്ത് ഞെരിച്ചു കൊന്നു: ആണ്‍സുഹൃത്ത് പിടിയില്‍



ചെറുതുരുത്തി: ചെറുതുരുത്തിയിലെ ലോഡ്ജില്‍ നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മലപ്പുറം ചേറൂര്‍ കണ്ണമംഗലത്ത് താമസിക്കുന്ന ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പം മുറിയെടുത്ത് താമസിച്ചിരുന്ന മലപ്പുറം ചേനംകുളങ്ങാട്ടില്‍ വിബീഷിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും ചെറുതുരുത്തിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. കൊലപാതകത്തിനു ശേഷം പ്രതി വിബീഷ് മലപ്പുറം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. ഏറെ നാളായി അടുപ്പത്തിലായിരുന്ന ധനലക്ഷ്മി, തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി. ധനലക്ഷ്മി വിവാഹിതയും വിബീഷ് അവിവാഹിതനുമാണ്.

കുന്നംകുളം എസിപി മുരളീധരന്‍, ചെറുതുരുത്തി ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വൈകീട്ടോടെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രിയോടെ പ്രതിയെ ചെറുതുരുത്തിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.