ഇറാനിൽ വൻ സൈനിക അഴിച്ചുപണി: 6 മുതിർന്ന കമാൻഡർമാരെ നിയമിച്ച് മുജ്തബ ഖാം‌നഇ

ഇറാനിൽ വൻ സൈനിക അഴിച്ചുപണി: 6 മുതിർന്ന കമാൻഡർമാരെ നിയമിച്ച് മുജ്തബ ഖാം‌നഇ 

ടെഹ്റാൻ: രാജ്യത്തെ സായുധ സേനയിലും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലും (IRGC) വൻ അഴിച്ചുപണിയുമായി ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി. സായുധ സേന, ഐആർജിസി, ഐആർജിസി നേവി, ബാസിജ് പ്രതിരോധ സേന എന്നിവയുടെ പ്രധാന തസ്തികകളിലേക്ക് ആറ് മുതിർന്ന കമാൻഡർമാരെ നിയമിച്ച് അദ്ദേഹം ഉത്തരവിറക്കി.(Mojtaba Khamenei Appoints Six Senior Commanders In Major Military Reshuffle)

ഐആർജിസി പൈലറ്റായ മേജർ ജനറൽ അലി അബ്ദുള്ളാഹിയെ ഇറാന്റെ സായുധ സേനയുടെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. ബ്രിഗേഡിയർ ജനറൽ കിയൂമാർസ് ഹെയ്ദരിയാണ് പുതിയ ഡെപ്യൂട്ടി ചീഫ്. രാജ്യത്തെ കരുത്തുറ്റ സൈനിക വിഭാഗമായ ഐആർജിസിക്കും പുതിയ കമാൻഡർ ഇൻ ചീഫിനെ പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിഗേഡിയർ ജനറൽ അഹമ്മദ് വാഹിദിയെ മേജർ ജനറൽ റാങ്കിലേക്ക് ഉയർത്തിയാണ് ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫായി നിയമിച്ചത്. മേജർ ജനറൽ മുസ്തഫ ഇസാദി ഡെപ്യൂട്ടി കമാൻഡറാകും.

ഐആർജിസിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റ് രണ്ട് പ്രധാന സംഘടനകളുടെ നേതൃത്വത്തിലും മാറ്റങ്ങളുണ്ട്. റിയർ അഡ്മിറൽ അലി അസ്മായിയെ ഐആർജിസി നേവിയുടെ തലവനായും, ഹുജ്ജത്തുൽ ഇസ്ലാം വൽമുസ്ലിമീൻ ഹൊസൈൻ തയേബിനെ ബാസിജ് റെസിസ്റ്റൻസ് ഫോഴ്സിന്റെ അമരക്കാരനായും നിയമിച്ചു. പരമോന്നത നേതാവിന്റെ ഓഫീസ് പുറത്തുവിട്ട പ്രത്യേക ഉത്തരവുകളിലൂടെയാണ് ഈ തസ്തിക മാറ്റങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം മുൻ ഐആർജിസി കമാൻഡർ മൊഹ്‌സിൻ റെസായിയെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൽ തന്റെ പ്രതിനിധിയായി മൊജ്തബ ഖമേനി നിയമിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അലി ലാരിജാനി വഹിച്ചിരുന്ന പദവിയാണിത്.