വെറ്ററന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചും അറിയപ്പെടുന്ന കായിക മെന്ററുമായിരുന്ന സുമിത് ഫെര്‍ണാണ്ടോ (72) കൗമാര താരങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു.

കുടിവെള്ളത്തെച്ചൊല്ലി തര്‍ക്കത്തിന് പിന്നാലെ കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടിച്ചു; ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ മര്‍ദ്ദനമേറ്റ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം; മരിച്ചത് കുശാല്‍ മെന്‍ഡിസ് ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെ വാര്‍ത്തെടുത്ത പരിശീലകന്‍



കൊളംബോ: വെറ്ററന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചും അറിയപ്പെടുന്ന കായിക മെന്ററുമായിരുന്ന സുമിത് ഫെര്‍ണാണ്ടോ (72) കൗമാര താരങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ക്ലബ് ഗ്രൗണ്ടില്‍ വെച്ച് ഓഗസ്റ്റ് എട്ടിനുണ്ടായ ദാരുണമായ അക്രമസംഭവത്തിലാണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റത്. കൊളംബോ നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. നിലവിലെ ശ്രീലങ്കന്‍ ഏകദിന ടീം നായകന്‍ കുശാല്‍ മെന്‍ഡിസ് അടക്കമുള്ള നിരവധി പ്രമുഖ താരങ്ങളുടെ സ്‌കൂള്‍ കാലഘട്ടത്തിലെ പരിശീലകനാണ് സുമിത് ഫെര്‍ണാണ്ടോ.

പരിശീലനത്തിനായി ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ക്ലബിന്റെ സ്റ്റേഡിയത്തില്‍ എത്തിയ ഒരുകൂട്ടം കൗമാര താരങ്ങള്‍ കുടിവെള്ളം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദാരുണമായ സംഭവങ്ങള്‍ക്ക് തുടക്കമിട്ടത്. അവിടെയുണ്ടായിരുന്ന ഗ്രൗണ്ട് ജീവനക്കാരുമായി വെള്ളത്തെച്ചൊല്ലി കളിക്കാര്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും അത് ഉടന്‍ തന്നെ കൈയാങ്കളിയിലേക്ക് വഴിമാറുകയും ചെയ്യുകയായിരുന്നു. ബ്ലൂംഫീല്‍ഡ് ക്ലബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള സുമിത് ഫെര്‍ണാണ്ടോയും സംഭവം നടക്കുന്ന സമയം സ്റ്റേഡിയത്തിലുണ്ടായിരുന്നു.

താരങ്ങളും സ്റ്റേഡിയം സ്റ്റാഫുകളും തമ്മിലുള്ള തര്‍ക്കം ശാരീരിക അക്രമത്തിലേക്ക് കടന്ന് സ്ഥിതിഗതികള്‍ വഷളായതോടെ, ഇരുവിഭാഗത്തെയും ശാന്തരാക്കാനും തടയാനുമായി സുമിത് ഇടയില്‍ കയറുകയായിരുന്നു. ഈ സംഘര്‍ഷത്തിനിടയിലാണ് ഒരു കൗമാര താരത്തിന്റെ കടുത്ത മര്‍ദ്ദനം അദ്ദേഹത്തിനേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവവുമായി ബന്ധപ്പെട്ട് സുമിതിനെ അക്രമിച്ചതായി സംശയിക്കുന്ന 17 വയസ്സുകാരനായ കൗമാര താരത്തെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതി പ്രായപൂര്‍ത്തിയാകാത്ത ആളായതിനാല്‍ കൊളംബോ കോടതിയില്‍ ഹാജരാക്കിയ ശേഷം കുട്ടിയെ ചൈല്‍ഡ് പ്രൊബേഷന്‍ കസ്റ്റഡിയില്‍ വിട്ടു. കേസിന്റെ വിശദമായ അന്വേഷണത്തിനായി പ്രതിയെ ഓഗസ്റ്റ് 17 വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

മൊറാട്ടുവയിലെ പ്രിന്‍സ് ഓഫ് വെയില്‍സ് കോളജിലെ മുന്‍ കോച്ചായിരുന്ന സുമിത് ഫെര്‍ണാണ്ടോ, ശ്രീലങ്കയിലെ സ്‌കൂള്‍തല ക്രിക്കറ്റിന്റെ വളര്‍ച്ചയിലും നിരവധി യുവതാരങ്ങളെ വാര്‍ത്തെടുക്കുന്നതിലും അതിനിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ശ്രീലങ്കന്‍ ക്രിക്കറ്റ് ലോകത്തെ കടുത്ത ദുഃഖത്തിലാഴ്ത്തിയിട്ടുണ്ട്.