മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിര്‍ദ്ദേശങ്ങളും എതിര്‍പ്പും അവഗണിച്ചു; ഫയലില്‍ കൂട്ടിച്ചേര്‍ക്കലുകളും ദുരുദ്ദേശ്യപരമായ മാറ്റങ്ങളും വരുത്തിയെന്നും കണ്ടെത്തല്‍; ആര്‍ സുഗതന് അനുകൂലമായ കത്ത് നല്‍കിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ ഒടുവില്‍ നടപടി; ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍; ഗുരുതരമായ ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവുമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍

മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും നിര്‍ദ്ദേശങ്ങളും എതിര്‍പ്പും അവഗണിച്ചു; ഫയലില്‍ കൂട്ടിച്ചേര്‍ക്കലുകളും ദുരുദ്ദേശ്യപരമായ മാറ്റങ്ങളും വരുത്തിയെന്നും കണ്ടെത്തല്‍; ആര്‍ സുഗതന് അനുകൂലമായ കത്ത് നല്‍കിയ തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ ഒടുവില്‍ നടപടി; ഡോ. ചിത്ര പി. അരുണിമയ്ക്ക് സസ്‌പെന്‍ഷന്‍; ഗുരുതരമായ ചട്ടലംഘനവും അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവുമെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍


തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന തിരുവവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ അവധിയില്‍ അനുകൂല റിപ്പോര്‍ട്ട് തയ്യാറാക്കിയ തദ്ദേശ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. ഡോ. ചിത്ര പി അരുണിമയ്ക്ക് സസ്പെന്‍ഷന്‍. ഫയലില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഉദ്യോഗസ്ഥയുടെത് ഗുരുതരമായ ചട്ടലംഘനമാണെന്നും മന്ത്രിയുടെ നിര്‍ദേശം മറികടന്നാണ് കത്ത് നല്‍കിയെതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് നടപടി.

സുഗതന്റെ അപേക്ഷ നിരസിക്കണമെന്ന് തദ്ദേശമന്ത്രി കെഎം ഷാജി നിര്‍ദേശിച്ചെങ്കിലും അത് മറികടന്ന് അണ്ടര്‍ സെക്രട്ടറിയായ ചിത്ര സുഗതന് അനുകൂലമായ റിപ്പോര്‍ട്ട് ഉണ്ടാക്കുകയായിരുന്നു. ഇതില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചിത്രയ്ക്കെതിരെ അന്വേഷണം നടത്തിയത്. ഗുരുതരമായ ചട്ടലംഘനം നടത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇതോടെ സസ്പെന്‍ഷനിലാകുന്ന അദ്യ കെഎഎസ് ഉദ്യോഗസ്ഥയായി ചിത്ര. ബിജെപി ഭരണസമിതിക്ക് അനുകൂലമായ രീതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചതായി ഇടതുമുന്നണി ആരോപിച്ചിരുന്നു. എസ്‌കോര്‍ട്ട് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 22നാണ് സുഗതന്‍ അപേക്ഷ സമര്‍പ്പിച്ചത്.

കാപ്പാ കേസില്‍ ജയിലായ കൗണ്‍സിലര്‍ സുഗതന്റെ അയോഗ്യത പ്രശ്‌നം കടക്കാന്‍ തിരുവനന്തപുരം മേയര്‍ ആയുധമാക്കിയത് ആഭ്യന്തരവകുപ്പിന്റെ മറുപടി കത്താണ്. അവധി അപേക്ഷ കൗണ്‍സിലില്‍ വോട്ടിനിട്ട് പാസ്സാക്കിയാല്‍ കൗണ്‍സിലര്‍ സ്ഥാനം സുരക്ഷിതമായിരിക്കുമെന്നായിരുന്നു ഉപദേശം. ഇത് ഉയര്‍ത്തിക്കാട്ടി ആറു മാസത്തേയ്ക്ക് അവധി കൊടുത്ത് സുഗതനെ ബിജെപി ഭരണസമിതി രക്ഷിച്ചെടുത്തപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ വെട്ടിലായി. ജയില്‍ സൂപ്രണ്ട് മുഖേന മേയര്‍ വി.വി.രാജേഷിനാണ് സുഗതന്‍ കത്ത് നല്‍കിയത്. ഇങ്ങനെ കത്ത് കൊടുത്ത വിവരം സൂപ്രണ്ട് ആഭ്യന്തരവകുപ്പിനെ അറിയിച്ചു.

സുഗതനുമായി ബന്ധപ്പെട്ട ഫയലില്‍ അണ്ടര്‍ സെക്രട്ടറി ദുരുദ്ദേശ്യത്തോടെ മാറ്റങ്ങള്‍ വരുത്തിയെന്ന് പൊതുഭരണ സെക്രട്ടറിയുടെ സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഈ നടപടി അധികാര ദുര്‍വിനിയോഗവും പെരുമാറ്റദൂഷ്യവുമാണെന്നും ഉത്തരവില്‍ പറയുന്നു. സുഗതന്‍ നല്‍കിയ അപേക്ഷ തദ്ദേശവകുപ്പിന്റെ അഭിപ്രായത്തിന് വിട്ടിരുന്നു. ഇതില്‍ ജൂലൈ 18നാണ് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയത്. സുഗതന് അവധിക്ക് അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയത്. അവധി അപേക്ഷ കൗണ്‍സില്‍ പാസാക്കിയാല്‍ സുഗതന്റെ അംഗത്വം സുരക്ഷിതമായിരിക്കുമെന്ന് തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തരവകുപ്പ് അവധി അപേക്ഷക്ക് അനുമതി നല്‍കിയത്. ഈ അനുമതി കത്ത് ചൂണ്ടിക്കാട്ടിയാണ് മേയര്‍ വി.വി രാജേഷ്, സുഗതന്റെ അവധി അപേക്ഷ നിയമപരമാണെന്നും വോട്ടെടുപ്പ് എങ്ങനെ വേണമെന്ന് മേയര്‍ക്ക് തീരുമാനിക്കാമെന്നും അറിയിച്ചത്. ആര്‍. സുഗതന് അനുകൂലമായ ഉദ്യോഗസ്ഥ നടപടിക്ക് പിന്നില്‍ ആസൂത്രിത നീക്കമുണ്ടായതായി സര്‍ക്കാര്‍ വിലയിരുത്തലുണ്ടായിരുന്നു. ഫയല്‍ തന്റെ മുന്നില്‍ വന്നിരുന്നുവെന്നും ഒരു കാരണവശാലും ഒരു ആനുകൂല്യവും നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് താന്‍ ഫയല്‍ തിരിച്ചയച്ചതെന്നും മന്ത്രി കെ.എം ഷാജി പറഞ്ഞിരുന്നു. അതിലാണ് വീണ്ടും അണ്‍ ഒഫീഷ്യല്‍ നോട്ട് എഴുതിയത്. അതിന് പിന്നിലുള്ള താല്‍പര്യവും രാഷ്ട്രീയവും പരിശോധിക്കുമെന്നും ഡിപ്പാര്‍ട്ട്മെന്റ് തലത്തിലുള്ള അന്വേഷണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞിരുന്നു.

കാപ്പ കേസ് പ്രതിയായ കൗണ്‍സിലര്‍ സുഗതന്‍ നിലവില്‍ വിയ്യൂര്‍ ജയിലിലാണ്. തുടര്‍ച്ചയായ മൂന്ന് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നാല്‍ സുഗതന്റെ അംഗത്വത്തിന് അയോഗ്യത വരും. ഇത് മറികടക്കാനാണ് നഗരസഭാ ഭരണപക്ഷം അവധി നീക്കവുമായി മുന്നോട്ടുപോയത്. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എസ്‌കോര്‍ട്ട് പരോള്‍ വേണമെന്ന സുഗതന്റെ ആവശ്യം നേരത്തെ ആഭ്യന്തരവകുപ്പ് നിരസിച്ചിരുന്നു.